അഭിറാം മനോഹർ|
Last Modified ചൊവ്വ, 13 ജനുവരി 2026 (11:38 IST)
ലൈംഗികാതിക്രമ കേസുകള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കാനുള്ള നീക്കവുമായി എല്‍ഡിഎഫ്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും തീരുമാനം. നിയമസഭ എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പിലാകും പരാതികള്‍ വരിക. സമിതിക്ക് ഒരംഗത്തെ അയോഗ്യനാക്കാനാവില്ലെങ്കിലും നിയമസഭയ്ക്ക് മുന്നില്‍ ശുപാര്‍ശ നല്‍കാനാകും.
ആരോപണവിധേയന് വിശദീകരണത്തിന് അവസരം നല്‍കി വേണം ശുപാര്‍ശ നല്‍കാന്‍. നിയമസഭയുടെ കാലാവധി തീരാനിരിക്കെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയം തികയുമോ എന്നതില്‍ സംശയമുണ്ടെങ്കിലും ഇതിനായുള്ള പക്രിയകള്‍ തുടങ്ങിവെയ്ക്കാമെന്ന അഭിപ്രായമാണ് നേതാക്കള്‍ക്കുള്ളത്. അത്തരമൊരു നീക്കമുണ്ടായാല്‍ രാഹുലിനെ സംരക്ഷിക്കുന്ന നിലപാട് കോണ്‍ഗ്രസ് നേതൃത്വം എടുത്തേക്കില്ല. രാഹുലിനെതിരെ നടപടിയെടുക്കണമെന്ന നിലപാടിനെ വി ഡി സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ പിന്തുണച്ചേക്കും. നിലവില്‍ പാര്‍ട്ടിക്ക് പുറത്തുള്ള വ്യക്തിയെ സംരക്ഷിക്കേണ്ടതില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ രാഹുലിനെതിരെ നീക്കമുണ്ടായാല്‍ ഭരണപക്ഷത്ത് സ്ത്രീ അതിക്രമ പരാതികള്‍ നേരിടുന്ന എം മുകേഷിനെതിരെയും നടപടികള്‍ വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കും. ആരോപണവിധേയന്‍ കുറ്റക്കാരനാണോ എന്ന് വിധി പറയേണ്ടത് കോടതിയാണെന്നിരിക്കെ തിരക്കിട്ട് അയോഗ്യത നടപടികളിലേക്ക് നിയമസഭ പോകണമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നാണ് ചില നേതാക്കളെങ്കിലും അഭിപ്രായപ്പെടുന്നത്.