രേണുക വേണു|
Last Modified ബുധന്‍, 14 ജനുവരി 2026 (09:25 IST)
Rahul Mamkootathil: പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കു കുരുക്ക് മുറുകുന്നു. തിരുവല്ലയിലെ സ്വകാര്യ ഹോട്ടലില്‍ എസ്.ഐ.ടി സംഘം രാഹുലുമായി തെളിവെടുപ്പ് നടത്തി നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ചു.
തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിലെ 408-ാം നമ്പര്‍ മുറിയിലാണ് തെളിവെടുപ്പ് നടത്തിയത്. ഏതാണ്ട് 15 മിനിറ്റ് തെളിവെടുപ്പ് നീണ്ടു. അതിനുശേഷം എസ്.ഐ.ടി സംഘം എആര്‍ ക്യാംപിലേക്ക് മടങ്ങി. ഹോട്ടലിലെ റജിസ്റ്ററില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. റജിസ്റ്ററില്‍ സംഭവ ദിവസം 408-ാം നമ്പര്‍ മുറി അതിജീവിതയുടെ പേരിലാണുള്ളത്. അതേസമയം, ഒപ്പമുണ്ടായിരുന്നയാളുടെ പേര് രാഹുല്‍ ബി.ആര്‍ എന്നാണ്. ഇതാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ യഥാര്‍ഥ പേര്.
സംഭവദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടില്ല. 21 മാസം പിന്നിട്ടതിനാല്‍ ദൃശ്യങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്നാണ് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചത്. ദൃശ്യങ്ങള്‍ വീണ്ടെടുക്കുന്നതിനായി ഹാര്‍ഡ് ഡിസ്‌ക് പൊലീസ് കണ്ടെടുത്തു.
2024 ഏപ്രില്‍ എട്ടിനു ഉച്ചയ്ക്ക് 1.45 ഓടെ തിരുവല്ലയിലെ ഹോട്ടലില്‍ എത്തിയതായും യുവതിയുമായി ഒരു മണിക്കൂറോളം ചെലവഴിച്ചതായും രാഹുല്‍ സമ്മതിച്ചു. എന്നാല്‍ പീഡനത്തെ കുറിച്ചുള്ള പൊലീസിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി ഇല്ലായിരുന്നു.