രേണുക വേണു|
Last Modified തിങ്കള്‍, 12 ജനുവരി 2026 (18:46 IST)
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത നൽകിയ മൊഴിയിൽ പരാമർശിച്ച വടകരയിലെ ഫ്ലാറ്റിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ ഉരുണ്ടുകളിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. വടകരയിലെ ഫ്ലാറ്റ് ആരുടേതാണെന്ന് അന്വേഷിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പരിഹാസത്തോടെ "ഓ അപ്പോ അങ്ങനെയാണല്ലേ" എന്ന് മാത്രമായിരുന്നു വേണുഗോപാലിന്റെ മറുപടി. നിയമസഭയിൽ നിന്നും രാഹുലിനെ പുറത്താക്കുമോ എന്ന ചോദ്യത്തിന് അത്തരം കാര്യങ്ങളെ കുറിച്ച് ചർച്ചവരുമ്പോൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ടൽമുറിയിൽ നടന്ന ക്രൂരപീഡനത്തിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ പലതവണ വടകരയിലെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചുവെന്നായിരുന്നു അതിജീവിത നൽകിയ മൊഴി. എന്നാൽ താൻ വഞ്ചിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞ യുവതി ക്ഷണം നിരസിക്കുകയായിരുന്നു. വടകരയിൽ ഫ്ലാറ്റ് ഉണ്ടെന്നും ഒരു ദിവസം അവിടേക്ക് വരണമെന്നും അതിജീവിതയോട് ബലാത്സംഗത്തിനുശേഷം രാഹുൽ ആവശ്യപ്പെട്ടെങ്കിലും ഇനി ഒരിക്കലും നമ്മൾ കാണില്ലെന്നും അതിജീവിത പറഞ്ഞു. പിന്നീട് രാഹുൽ പലതവണ ഭീഷണിപ്പെടുത്തുകയും വടകരയിലെ ഫ്ലാറ്റിൽ വരാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു.
പാലക്കാടാണ് രാഹുൽ മാങ്കൂട്ടത്തിലിന് ഫ്ലാറ്റുള്ളത്. എന്നാൽ വടകരയിൽ ഫ്ലാറ്റുണ്ടെന്നും അവിടേക്ക് വരാൻ ക്ഷണിക്കുകയും ചെയ്തതാണ് വിവാദമായത്. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ആരുടെയെങ്കിലും ഫ്ലാറ്റിലേക്കാണോ ക്ഷണിച്ചതെന്നാണ് സംശയം. ഇത് സംബന്ധിച്ച് അന്വേഷണവും പുരോഗമിക്കുകയാണ്.