രേണുക വേണു|
Last Modified തിങ്കള്‍, 12 ജനുവരി 2026 (10:24 IST)
പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഭീഷണി സന്ദേശങ്ങൾ പുറത്ത്. മൂന്നാം ബലാത്സംഗക്കേസിലെ അതിജീവിതയ്ക്ക് ടെലഗ്രാമിലൂടെ അയച്ച ഭീഷണി സന്ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തനിക്കെതിരെ പരാതിയുമായി നിന്നവർക്കും അവരുടെ കുടുംബത്തിനുമെതിരെ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പാണ് സന്ദേശങ്ങളിലുള്ളത്. പേടിപ്പിക്കാൻ നീയെന്നല്ല, ലോകത്ത് ആരും നോക്കേണ്ട എന്നും ഇനി എന്തിനും തയ്യാറാണെന്നും
രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നുണ്ട്.
അതിജീവിത ഗർഭിണിയാണെന്ന് അറിഞ്ഞ ശേഷം അയച്ച സന്ദേശങ്ങളിലാണ് പരാമർശം. 'പലതും തുറന്നുപറയാൻ തന്നെയാണ് തീരുമാനം. ഞാൻ മാത്രം മോശവും ഇവർ പുണ്യാളത്തികളുമായിട്ടുള്ള പരിപാടി ഇനി നടക്കില്ല. നീ ചെയ്യാൻ ഉള്ളത് ചെയ്. ബാക്കി ഞാൻ ചെയ്‌തോളാം', എന്നാണ് രാഹുലിൻ്റെ ഭീഷണി. താൻ എല്ലാ പരിധിയും കഴിഞ്ഞ് നിൽക്കുന്ന ആളാണ്. ഇമേജ് തിരിച്ചുപിടിക്കലല്ല തൻ്റെ ലക്ഷ്യമെന്നും അതൊക്കെ തോന്നലാണെന്നും രാഹുൽ അതിജീവിതയോടെ പറയുന്നുണ്ട്.
'നീ എന്ത് ചെയ്താലും അതിന്റെ ബാക്കി ഞാനും ചെയ്യും. നീ ചെയ്യുന്നത് ഞാൻ താങ്ങും. പക്ഷെ നീ താങ്ങില്ല. നീന്റെ ഭീഷണിയൊക്കെ നിർത്തിയേക്ക്. ഇവിടെ വന്നാൽ ഞാൻ കുറേ ആളുകളുമായി നിന്റെ വീട്ടിൽ വരാം. അത്ര തന്നെ. അല്ലാണ്ട് ഇങ്ങോട്ട് ഉള്ള ഭീഷണി വേണ്ട' എന്നും രാഹുലിൻ്റെ സന്ദേശങ്ങളിലുണ്ട്.
ഹോട്ടലിലേക്ക് വിളിച്ചുവരുത്തി അതിക്രൂരബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതിക്കാരി വ്യക്തമാക്കുന്നത്. സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് തന്നെ ഹോട്ടലിലേക്ക് ക്ഷണിച്ചത്. തടയാൻ ശ്രമിച്ചപ്പോൾ മുഖത്ത് അടിച്ചു, തുപ്പി. കരഞ്ഞു നിലവിളിച്ചിട്ടും വിട്ടില്ലെന്നും ഗർഭിണിയായപ്പോൾ അവഗണിച്ചുവെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു. സഹോദരിയുടെ കല്യാണം മുടക്കുമെന്ന് ഭീഷണിപ്പെടുത്തയെന്നും വലിയ ബന്ധങ്ങളുണ്ടെന്ന് ഓർമിപ്പിച്ച് ഭീഷണി തുടർന്നുവെന്നും അതിജീവിത പറഞ്ഞു.
മൂന്നാം ബലാത്സംഗക്കേസിൽ കഴിഞ്ഞ ദിവസമായിരുന്നു രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 14 ദിവസത്തേക്ക് ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. വിഷയത്തിൽ രോഹുൽ മാങ്കൂട്ടത്തിൽ ജാമ്യഹർജി സമർപ്പിച്ചിട്ടുണ്ട്.
തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണമായും വ്യാജമാണെന്നും തന്നെ അപകീർത്തിപ്പെടുത്താനും ജയിലിലടയ്ക്കാനുമുള്ള ദുരുദ്ദേശ്യത്തോടെ കെട്ടിച്ചമച്ച പരാതിയാണിതെന്നുമാണ് ജാമ്യഹർജിയിൽ രാഹുലിൻ്റെ വാദം. ബലാത്സംഗ കുറ്റം തനിക്കെതിരെ നിലനിൽക്കില്ലെന്നും പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും ഇയാൾ പറയുന്നുണ്ട്. പരാതിക്കാരി പ്രായപൂർത്തിയായ വ്യക്തിയാണെന്നും ഒരു പുരുഷനെ കാണാനായി റൂം ബുക്ക് ചെയ്ത് എത്തുമ്പോൾ അതിന്റെ വരും വരായ്കകളെക്കുറിച്ച് കൃത്യമായി തിരിച്ചറിയാൻ ശേഷിയുള്ള ആളാണെന്നും രാഹുൽ പറഞ്ഞു. രാഹുലിന്റെ ജാമ്യാപേക്ഷ ഇന്ന് തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും.