ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ അഭിനയിച്ചു തകര്‍ത്തു, അദ്ദേഹത്തിന്റെ പിന്‍ഗാമിയായി അവതരിപ്പിക്കാന്‍ പോലും ശ്രമിച്ചു, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ റിനി ആന്‍ ജോര്‍ജ്

സ്വയം ഉമ്മൻ ചാണ്ടി ആയി നടിക്കുന്ന ഈ വ്യക്‌തിയാൽ ഉപദ്രവിക്കപ്പെട്ട നിരവധി പെൺകുട്ടികളുടെ കേസുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

Rahul Mamkootathil - Rini Ann george
രേണുക വേണു| Last Modified തിങ്കള്‍, 12 ജനുവരി 2026 (12:37 IST)
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് ഉമ്മൻ ചാണ്ടിയുടെ കൂടി വിജയമാണെന്ന് യുവനടിയായ റിനി ആൻ ജോർജ്. രാഹുൽ മാങ്കൂട്ടത്തിലിനെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി താരതമ്യം ചെയ്യുന്നത് ശരിയാണോ എന്ന ചോദ്യമാണ് റിനി ഉയർത്തുന്നത്. സ്വയം അഭിനയിച്ച് തകർത്ത് ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി അവരോധിക്കാൻ രാഹുൽ നാടകം നടത്തിയെന്നും ഉമ്മൻ ചാണ്ടിയുടെ കല്ലറയിലും ഗീവർഗീസ് പുണ്യാളന്റെ പള്ളിയിലും വരെ രാഹുൽ അഭിനയിച്ച് തകർത്തെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ റിനി പറയുന്നു.

റിനി ആൻ ജോർജിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

ഇത് ഉമ്മൻ ചാണ്ടിയുടെയും വിജയം.

അതിജീവിതകൾ സരിതകളും അയാൾ ഉമ്മൻ ചാണ്ടിയും എന്ന് പ്രചരിപ്പിക്കുന്നവർക്കായി സമർപ്പിക്കുന്നു.
യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ആകാൻ ഉമ്മൻ ചാണ്ടി നിർദ്ദേശിച്ച പേര് മറ്റൊരാളുടേതായിരുന്നു എന്നാൽ അദ്ദേഹത്തിന്റെ മരണം മുൻനിർത്തി അത് അട്ടിമറിക്കപ്പെടുക ആയിരുന്നു. എന്നിട്ട് അദ്ദേഹത്തിന്റെ കല്ലറയിലും എന്തിന് ഗീവർഗീസ് പുണ്യാളന്റെ പള്ളിയിൽ വരെ അഭിനയിച്ചു തകർത്തു. എന്നാൽ പ്രസിഡന്റ് സ്ഥാനത്തെ കാലാവധി പൂർത്തീകരിക്കാൻ അയാൾക്ക് സാധിച്ചില്ല എന്നത് ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ പിൻഗാമി എന്ന് അവകാശ പെടുമ്പോഴും അദ്ദേഹത്തിന്റെ സ്വന്തം മകനെ പോലും
ഒഴിവാക്കാനുള്ള സകല പരിശ്രമങ്ങളും നടത്തി.


ഇപ്പോൾ ഇതാ സ്വയം അഭിനവ ഉമ്മൻ ചാണ്ടി ആയി അവരോധിക്കാൻ ഉള്ള നാടകം നടത്തുന്നു. ഒന്നും ചെയ്യാത്ത തന്നെ, സരിതകൾ വന്നു നശിപ്പിക്കാൻ ശ്രമിക്കുന്നു എന്ന കഥകൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചു തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നു. സ്വയം ഉമ്മൻ ചാണ്ടി ആയി നടിക്കുന്ന ഈ വ്യക്‌തിയാൽ ഉപദ്രവിക്കപ്പെട്ട നിരവധി പെൺകുട്ടികളുടെ കേസുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. പല യുവതികൾ ഇത്തരത്തിൽ അബോർഷൻ ചെയ്യപ്പെട്ടതായും വിവരങ്ങൾ ഉണ്ട്. ഇനിയും കണ്ടെത്താത്ത കേസുകളും വിവരങ്ങളും ഉണ്ടാകാം. പൈശാചികവും നിഷ്ടൂരവുമായ ലൈംഗീക പീഡനത്തിന് വിധേയയാക്കി എന്ന് പെൺകുട്ടികൾ തന്നെ സാക്ഷ്യപ്പെടുത്തുന്ന മൊഴികൾ പുറത്തു വന്നിട്ടും ഇത്തരത്തിൽ ഉള്ള ഒരു വ്യക്തിയുമായി ഉമ്മൻ ചാണ്ടിയെ പോലെ ഒരു നേതാവിനെ താരതമ്യപെടുത്തുന്നത് ന്യായമാണോ ?

കോൺഗ്രസിനെ നശിപ്പിക്കാൻ രാഷ്ട്രീയ പ്രേരിതമായി ഇറങ്ങി എന്ന് പറയുന്നവരോട് കോൺഗ്രസിനെ തോൽപ്പിക്കുക എന്നതല്ല
ലക്ഷ്യം, കോൺഗ്രസിന്റെ അന്തസ്സിനെ നശിപ്പിക്കുന്ന ഹിംസാത്മകമായ ഇത്തരം പ്രവണതകളെ ഇല്ലാതാക്കുക എന്നതാണ്.
അതിൽ ഏറ്റവും ആനന്ദിക്കുന്നതും ഉമ്മൻ ചാണ്ടി സാറിന്റെ ആത്മാവ് തന്നെയായിരിക്കും.

2024 നവംബറിലെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ 18,724 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുൽ മങ്കൂട്ടത്തിൽ കോൺഗ്രസിലെ ഉയർന്ന് വരുന്ന നേതാവായാണ് ജനം കണക്കാക്കിയിരുന്നത് എന്നാൽ 2025 ഓഗസ്റ്റിൽ നടി റിനി ആൻ ജോർജ് നടത്തിയ ആരോപണത്തോടെയാണ് എംഎൽഎയ്ക്കെതിരെ പരാതിയുമായി നിരവധി യുവതികൾ രംഗത്ത് വന്നത്. 3 ബലാത്സംഗ പരാതികളാണ് രാഹുലിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരാതികൾ ഉയർന്ന സാഹചര്യത്തിൽ 2025 ഡിസംബറിൽ രാഹുലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :