വിചിത്രം, വൈരാഗ്യം; പ്രശാന്തിനോടു എംഎല്‍എ ഓഫീസ് ഒഴിയാന്‍ കൗണ്‍സിലര്‍ ശ്രീലേഖ

ഇന്നലെ ഫോണിലൂടെയാണ് കൗണ്‍സിലര്‍ സ്ഥലം എംഎല്‍എ വി.കെ. പ്രശാന്തിനോടു ഇക്കാര്യം ആവശ്യപ്പെട്ടത്

R Sreelekha, VK prasanth, R Sreelekha VK Prasanth Issue, BJP vs LDF
രേണുക വേണു| Last Modified ഞായര്‍, 28 ഡിസം‌ബര്‍ 2025 (08:48 IST)

വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ.പ്രശാന്തിനോടു എംഎല്‍എ ഓഫീസ് ഒഴിയാന്‍ ആവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ. ശാസ്തമംഗലം വാര്‍ഡില്‍ നിന്നാണ് ബിജെപി സ്ഥാനാര്‍ഥിയായ ശ്രീലേഖ വിജയിച്ചു കൗണ്‍സിലര്‍ ആയിരിക്കുന്നത്. ഈ വാര്‍ഡിലാണ് എല്‍ഡിഎഫ് എംഎല്‍എയായ പ്രശാന്തിന്റെ ഓഫീസ്. ശാസ്തമംഗലത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വട്ടിയൂര്‍ക്കാവ് എംഎല്‍എ ഓഫീസ് ഉടന്‍ ഒഴിയണമെന്നാണ് കൗണ്‍സിലര്‍ ശ്രീലേഖയുടെ ആവശ്യം.

ഇന്നലെ ഫോണിലൂടെയാണ് കൗണ്‍സിലര്‍ സ്ഥലം എംഎല്‍എ വി.കെ. പ്രശാന്തിനോടു ഇക്കാര്യം ആവശ്യപ്പെട്ടത്. നിലവില്‍ ശാസ്തമംഗലത്തുള്ള കോര്‍പറേഷന്‍ കെട്ടിടത്തിലാണ് വട്ടിയൂര്‍ക്കാവ് എംഎല്‍എയുടെ ഓഫിസ് സ്ഥിതി ചെയ്യുന്നത്. ഇതേ കെട്ടിടത്തിലാണ് മുന്‍ കൗണ്‍സിലറിനും ഓഫിസുണ്ടായിരുന്നത്. കൗണ്‍സിലറുടെ ഓഫീസിനുള്ള മുറി ചെറുതാണെന്നും എംഎല്‍എ ഓഫീസ് ആയി പ്രവര്‍ത്തിക്കുന്ന മുറി തനിക്കു വേണമെന്നുമാണ് ശ്രീലേഖയുടെ ആവശ്യം.

ശ്രീലേഖയുടെ ആവശ്യം അനുവദിക്കാനാവില്ലെന്ന് എംഎല്‍എ പറഞ്ഞു. വാടക കരാര്‍ പ്രകാരം ഓഫീസിന്റെ കാലാവധി 2026 നിയമസഭാ തിരഞ്ഞെടുപ്പ് വരെയുണ്ട്. കാലാവധി കഴിയാതെ മുറി ഒഴിയില്ലെന്ന് പ്രശാന്ത് ശ്രീലേഖയെ അറിയിച്ചിട്ടുണ്ട്. അതേസമയം കോര്‍പറേഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടാല്‍ എംഎല്‍എയ്ക്ക് ഓഫിസ് ഒഴിഞ്ഞുനല്‍കേണ്ടി വരും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ഥിയാകുമെന്നും അഭ്യൂഹമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :