രേണുക വേണു|
Last Modified വ്യാഴം, 26 ഫെബ്രുവരി 2026 (13:38 IST)
തൃശൂരിൽ ബിജെപി സ്ഥാനാർഥിയായി പത്മജ വേണുഗോപാൽ. മണ്ഡലത്തിൽ സജീവമായ പത്മജ തിരഞ്ഞെടുപ്പിനുള്ള അനൗദ്യോഗിക പ്രചരണങ്ങളിലേക്ക് കടന്നു. തൃശൂർ സീറ്റ് നൽകാമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ഉറപ്പിനു ശേഷമാണ് പത്മജ മണ്ഡലത്തിൽ സജീവമായത്.
2016 ലും 2021 ലും തൃശൂർ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി പത്മജ മത്സരിച്ചിരുന്നു. രണ്ട് തിരഞ്ഞെടുപ്പിലും തോറ്റു. കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് എത്തിയപ്പോഴും തനിക്ക് തൃശൂർ സീറ്റ് വേണമെന്നായിരുന്നു പത്മജയുടെ നിലപാട്. ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ലെങ്കിലും മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ സംസ്ഥാന നേതൃത്വം അനുമതി നൽകിയിട്ടുണ്ട്.
തൃശൂർ തന്റെ നാടാണെന്നും മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടാൽ അത് തൃശൂർ തന്നെയായിരിക്കുമെന്നും പത്മജ പറഞ്ഞു. താനല്ല വേറൊരു സ്ഥാനാർഥി വന്നാലും തൃശൂർ തന്നെയാകും തന്റെ പ്രവർത്തനമണ്ഡലമെന്നും പത്മജ കൂട്ടിച്ചേർത്തു.