രേണുക വേണു|
Last Modified ചൊവ്വ, 20 ജൂണ്‍ 2023 (08:35 IST)
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം സ്വന്തമാക്കാന്‍ വിദ്യാര്‍ഥികള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇനി പത്രവായന പതിവാക്കണം. പരീക്ഷകളില്‍ തുടര്‍ മൂല്യനിര്‍ണയത്തിനു നല്‍കുന്ന 20 ശതമാനം മാര്‍ക്കില്‍ പകുതി പത്ര, പുസ്തക വായനയിലെ മികവ് പരിഗണിച്ചായിരിക്കും. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങുന്ന ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉടന്‍ പുറത്തിറക്കും. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
പഠനാനുബന്ധ പ്രവര്‍ത്തനങ്ങളിലെ മികവ് പരിഗണിച്ച് നിലവില്‍ 100 മാര്‍ക്കിന്റെ പരീക്ഷയ്ക്ക് 20 മാര്‍ക്കും 50 മാര്‍ക്കിന്റെ പരീക്ഷയ്ക്ക് 10 മാര്‍ക്കും തുടര്‍മൂല്യ നിര്‍ണയത്തിലൂടെ സ്‌കൂള്‍ തലത്തില്‍ നല്‍കുന്നുണ്ട്. ഇതില്‍ പത്ത് മാര്‍ക്ക് പത്ര, പുസ്തക വായനയിലുള്ള താല്‍പര്യത്തിന്റെയും മികവിന്റെയും അടിസ്ഥാനത്തില്‍ നല്‍കാനാണ് തീരുമാനം. കുട്ടികളെ സാമൂഹികാവബോധവും വിശാലമായ അറിവും നേടാന്‍ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഇതെന്ന് ശിവന്‍കുട്ടി പറഞ്ഞു.