എ കെ ജെ അയ്യര്‍|
Last Modified തിങ്കള്‍, 19 ജൂണ്‍ 2023 (19:01 IST)
കൊല്ലം: പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാവനാട് അരവിള കുസുമാലയത്തിൽ സെബിൻ എന്ന ഇരുപത്തൊന്നു കാരനാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞയാഴ്ച കൊല്ലം നഗരത്തിലെ ലേഡീസ് ഹോസ്റ്റലിൽ നിന്ന് രണ്ടു പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായ സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തായത്. സമൂഹ മാധ്യമത്തിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ചു കുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി ഹോസ്റ്റലിൽ നിന്ന് കടത്തിക്കൊണ്ടുപോയാണ് പ്രതി വീട്ടിലും ബന്ധുവീട്ടിലും എത്തിച്ചു പീഡിപ്പിച്ചത്.
വിവരം അറിഞ്ഞ പ്രതിയുടെ മാതാവിന്റെയും ബന്ധുക്കളുടെയും സഹായത്തോടെ കുട്ടിയുടെ ഗർഭം അലസിപ്പിക്കുകയായിരുന്നു. കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.