എ കെ ജെ അയ്യര്‍|
Last Updated:
വ്യാഴം, 24 ഫെബ്രുവരി 2022 (12:00 IST)
കോഴിക്കോട്: വാഹനാപകടത്തിൽ പെട്ട് മരിച്ച പ്രവാസിയായ മലപ്പുറം മുന്നിയൂർ സ്വദേശി മൊയ്തീൻ ചോനാരിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരമായി ഏഴു കോടി രൂപ നൽകാൻ ഉത്തരവായി. 2017 ജൂണിൽ നടന്ന സംഭവത്തിൽ മോട്ടോർ ആക്സിഡന്റ് ക്ലെയിൻസ് ട്രൈബ്യൂണൽ സാലിഹ് ആണ് ഉത്തരവിട്ടത്.
ജില്ലയിൽ ഇതുവരെയുണ്ടായ വാഹനാപകട നഷ്ടപരിഹാര ഹർജികളിൽ അനുവദിച്ച ഏറ്റവും ഉയർന്ന നഷ്ടപരിഹാര തുകയാണിത്. അവധിയിൽ നാട്ടിലെത്തിയ മൊയ്തീൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപത്തെ റോഡിൽ നിൽക്കുമ്പോൾ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയും തത്ക്ഷണം മരിക്കുകയും ചെയ്തു. ഭാര്യ, മാതാപിതാക്കൾ, നാല് പെൺകുട്ടികൾ എന്നിവർ അടങ്ങുന്നവരുടെ ഏക ആശ്രയമായിരുന്നു മൊയ്‌തീൻ.
ഇദ്ദേഹം ഖത്തറിൽ ജോലി ചെയ്യവേ ലഭിച്ച ശമ്പളം, അനാഥമാക്കപ്പെട്ട കുടുംബത്തിലെ ആശ്രിതരുടെ എണ്ണം എന്നിവ കണക്കാക്കിയാണ് നഷ്ടപരിഹാരത്തുക വിധിച്ചത്. 2018 ൽ ഹർജി ഫയൽ ചെയ്തത് മുതലുള്ള നഷ്ട പരിഹാരതുകയ്ക്ക് എട്ടു ശതമാനം പലിശയും കോടതി വ്യവഹാര ചെലവും നൽകാനാണ് വിധി. നഷ്ടപരിഹാരം നൽകേണ്ടത് ന്യൂ ഇന്ത്യാ ഇൻഷ്വറൻസ് കമ്പനിയാണ്.