രേണുക വേണു|
Last Modified ചൊവ്വ, 20 ജൂലൈ 2021 (09:50 IST)
കുടുംബവഴക്കിനെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. വെള്ളനാതുരുത്ത് തെക്കേ തുപ്പാശ്ശേരില്‍ വീട്ടില്‍ ബിന്‍സി (36) യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബിന്‍സിയുടെ ഭര്‍ത്താവ് മണികണ്ഠനെ (46) പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാത്രി ഏഴിനും ഏഴരയ്ക്കും ഇടയ്ക്കായിരുന്നു ദാരുണ സംഭവം. മണികണ്ഠന്റെ മദ്യപാനത്തെ തുടര്‍ന്ന് നേരത്തെയും ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളും പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. മണികണ്ഠന്‍ അടുത്ത കാലത്തായി വരുത്തിയ സാമ്പത്തിക ബാധ്യത സംബന്ധിച്ചുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ മുതല്‍ ഇവര്‍ തമ്മില്‍ വഴക്കുണ്ടായതായി പറയുന്നു. രാത്രി ഏഴിനുശേഷം ബഹളംകേട്ട് സമീപവാസികള്‍ ഓടിയെത്തി. അപ്പോഴാണ് ബിന്‍സി കുത്തേറ്റു കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ബിന്‍സിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴേക്കും മരണം സ്ഥിരീകരിച്ചു. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.