കായലില്‍ യുവതിയുടെ മൃതദേഹം: സംഭവം അതിക്രൂരമായ കൊലപാതകം

എ കെ ജെ അയ്യര്‍| Last Updated: ചൊവ്വ, 13 ജൂലൈ 2021 (21:50 IST)
ആലപ്പുഴ: കഴിഞ്ഞ ശനിയാഴ്ച കുട്ടനാട്ടിലെ പള്ളാത്തുരുത്തിക്കടുത്തുള്ള കായലില്‍ യുവതിയുടെ മൃതദേഹം കണ്ട സംഭവം അതിക്രൂരമായ കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. അമ്പലപ്പുഴ തെക്ക് സ്വദേശി അനിത എന്ന 32 കാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ടു അനിതയുടെ കാമുകന്‍ നിലമ്പൂര്‍ സ്വദേശി പ്രബീഷ്, ഇയാളുടെ മറ്റൊരു കാമുകി രജനി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാപകമായ അന്വേഷണത്തിന് ഒടുവിലാണ് മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞത്. ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന ഇവരുടെ മരണം ആത്മഹത്യ ആണെന്നായിരുന്നു തുടക്കത്തിലെ നിഗമനം. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ ചില കാര്യങ്ങളായിരുന്നു സംഭവം കൊലപാതകമെന്ന് തിരിച്ചറിഞ്ഞത്.

മരിക്കുന്ന സമയത്ത് അനിത 6 മാസം ഗര്‍ഭിണിയായിരുന്നു. ഇവരുടെ കഴുത്തില്‍ ബലം പ്രയോഗിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനിതയുടെ ഫോണ്‍ കോള്‍ വിവരങ്ങളില്‍ നിന്നാണ് പ്രബീഷിലേക്ക് അന്വേഷണം നീങ്ങിയത്. തുടര്‍ന്ന് പ്രബീഷിന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ച പോലീസ് ഇയാള്‍ ചില സാധനങ്ങള്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയതും തുടര്‍ന്നുള്ള അന്വേഷണത്തില്‍ കൈനകരി ഭാഗത്തെ വീടു കണ്ടെത്താന്‍ കഴിഞ്ഞു.

ഇയാള്‍ക്കൊപ്പം ഇയാളുടെ കാമുകി രജനിയെയും പിടികൂടി. ഭര്‍ത്താവില്‍ നിന്ന് അകന്ന അനിത പ്രബീഷിനൊപ്പം താമസമാരംഭിച്ചു. ഇത് ഒഴിവാക്കാനായിരുന്നു പ്രബീഷും രജനിയും ചേര്‍ന്ന് കൊല നടത്തിയതെന്ന് ഇരുവരും സമ്മതിച്ചു.

മുന്‍ തീരുമാന പ്രകാരം കഴിഞ്ഞ വെള്ളിയാഴ്ച രാത്രി അനിതയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പ്രബീഷ് ഇവരുടെ കഴുത്തു ഞെരിക്കുകയും ഇവര്‍ മരിച്ചെന്നു കരുതി കായലില്‍ തള്ളുകയും ചെയ്തു. എന്നാല്‍ കായലില്‍ വീണതിന് ശേഷമാണ് ഇവര്‍ മരിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മരിച്ച അനിതയ്ക്ക് രണ്ട് മക്കളുമുണ്ട്. തന്റെ ജീവിതത്തില്‍ തടസ്സമായേക്കും എന്ന ചിന്തയാണ് പ്രബീഷ് അനിതയെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :