രേണുക വേണു|
Last Modified തിങ്കള്‍, 12 ജനുവരി 2026 (19:25 IST)
രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗത്തിനിരയാക്കിയ അതിജീവിതയ്ക്ക് സമരവേദിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനെതിരെ കേന്ദ്ര സർക്കാർ നടത്തുന്ന അവഗണനയ്ക്കെതിരെ നടത്തിയ സമരത്തിലായിരുന്നു അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രിയെത്തിയത്. 'ലവ് യു റ്റു ദ മൂൺ ആൻഡ് ബാക്ക്' എന്നെഴുതിയ കപ്പായിരുന്നു സമരവേദിയിൽ മുഖ്യമന്ത്രി ഉപയോഗിച്ചത്. ഈ വാചകം എഴുതിയ കപ്പ് പിടിച്ച മുഖ്യമന്ത്രിയുടെ ചിത്രം സോഷ്യൽമീഡിയയിൽ ഇതിനകം വൈറലായി. ആ കപ്പിലെ വാചകങ്ങൾക്ക് തന്റെ ഉള്ളിൽനിന്ന് അടർത്തിമാറ്റപ്പെട്ട ജീവന്റെ തുടിപ്പുണ്ടെന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് അതിജീവിതയും പ്രതികരിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ ആദ്യ അതിജീവിത പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലെ അവസാന വാചകങ്ങളായിരുന്നു ഇത്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിന് പിന്നാലെയായിരുന്നു പിറക്കാതെ പോയ തൻ്റെ കുഞ്ഞിനോടുള്ള ക്ഷമാപണക്കുറിപ്പ് അതിജീവിത പങ്കുവെച്ചത്. ഞങ്ങളുടെ ശരീരത്തെ കടന്നാക്രമിച്ചപ്പോഴും ഞങ്ങളുടെ കുഞ്ഞുങ്ങളെ ബലപ്രയോഗത്തിലൂടെ അടർത്തിമാറ്റിയപ്പോഴും നീ താങ്ങായി. ഞങ്ങളുടെ മാലാഖ കുഞ്ഞുങ്ങൾ സ്വർഗത്തിൽനിന്ന് ക്ഷമിക്കട്ടെ. പ്രത്യേകിച്ച് യോഗ്യനല്ലാത്ത, തെറ്റായ വ്യക്തിയെ അച്ഛനാകാൻ തെരഞ്ഞെടുത്തതിന്. അവരുടെ ആത്മാക്കൾ ശാന്തമായി വിശ്രമിക്കട്ടെ എന്ന് തുടങ്ങുന്നതായിരുന്നു കുറിപ്പിലെ വരികൾ.
മൂന്നാം പരാതിക്കാരി നൽകിയ ബലാത്സംഗക്കേസിലാണ് നിലവിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉപതിരഞ്ഞെടുപ്പ് കാലത്ത് നീലപ്പെട്ടിയിൽ കോൺഗ്രസുകാർ സ്വർണം കടത്തിയെന്ന ആരോപണത്തിന് പിന്നാലെ അന്വേഷണം നടന്ന കെപിഎം റീജൻസി ഹോട്ടലിൽ നിന്നായിരുന്നു രാഹുലിനെ ബലാത്സംഗക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 2002 നമ്പർ മുറിയിൽ ബെൽ അടിച്ചപ്പോൾ വാതിൽ തുറന്ന രാഹുലിനോട് അറസ്റ്റ് രേഖപ്പെടുത്തുകയാണെന്ന് പറഞ്ഞപ്പോൾ ഏത് കേസാണ് എന്നാണ് ആദ്യം ചോദിച്ച ചോദ്യം. പിന്നാലെ അഭിഭാഷകനെ ബന്ധപ്പെടണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും പൊലീസ് അംഗീകരിച്ചില്ല. ഇതോടെ പൊലീസിനൊപ്പം പോകാൻ തീരുമാനിക്കുകയായിരുന്നു.
ആദ്യ അതിജീവിതയുടെ പരാതിയിൽ നുറുക്കുവഴികൾ കണ്ടെത്തി ഒളിവിൽ പോയ രാഹുലിനെ ഇക്കുറി പിടികൂടണമെന്ന നിശ്ചയവുമുണ്ടായിരുന്നു പൊലീസിന്. അതിജീവിതയുടെ മൊഴി രഹസ്യമായി രേഖപ്പെടുത്തി ഡിജിറ്റൽ തെളിവുകളടക്കം ശേഖരിച്ചാണ് എസ്ഐടി രാഹുലിനെ ചോദ്യം ചെയ്തത്.