ന്യൂനമർദ്ദമാണേ, ചക്രവാതചുഴിയും; ഇന്ന് മഴദിനം, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala Weather
സംസ്ഥാനത്ത് തുലാവർഷം ശക്തമായി തുടരുന്നു. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ന്യൂനമർദ്ദത്തിന്റെയും ചക്രവാതചുഴിയുടെയും സ്വാധീനത്താലാണ് സംസ്ഥാനത്ത് മഴ ശക്തമായിരിക്കുന്നത്.
ന്യൂനമർദ്ദവും ചക്രവാതചുഴിയും
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിന് സമീപം ന്യൂനമർദ്ദം നിലനിൽക്കുന്നു. തായ്ലൻഡ് കടലിടുക്കിനും അതിനോട് ചേർന്ന തായ്ലൻഡ്, മ്യാൻമർ പ്രദേശത്തിനും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. ചക്രവാതചുഴി ആൻഡമാൻ കടലിലേക്ക് പ്രവേശിച്ച് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങും. ഇതിന്റെ സ്വാധീനഫലമായി ഒക്ടോബർ 23-ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിലും മറ്റൊരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. തുടർന്ന് ഇത് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുകയും അടുത്ത മൂന്ന് ദിവസങ്ങളിൽ കൂടുതൽ ശക്തിപ്രാപിക്കാനും സാധ്യത.
വരും ദിവസങ്ങളിൽ മഴ
കേരളത്തിൽ ഒക്ടോബർ 25 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. 22, 24, 25 തിയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും, ഒക്ടോബർ 24 മുതൽ 25 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴ മുന്നറിയിപ്പ്
ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്.
മത്സ്യബന്ധനത്തിനു വിലക്ക്
കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (22/10/2026) മുതൽ 25/10/2026 വരെയും കർണാടക തീരത്ത് 23/10/2026 മുതൽ 25/10/2026 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
22/10/20206 മുതൽ 25/10/2026 വരെ: കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
23/10/20206 മുതൽ 25/10/2026 വരെ: കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. Also Read: മമ്മൂട്ടിയും അടൂരും ഒന്നിക്കുന്ന 'പദയാത്ര' ഡിസംബർ നാലിന്
