അഭിറാം മനോഹർ|
Last Updated:
ബുധന്‍, 24 ഡിസംബര്‍ 2025 (13:13 IST)
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി
നടത്തിയ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (SIR) നടപടികളുടെ ഭാഗമായി തയ്യാറാക്കിയ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് 24,08,503 പേര്‍ പുറത്ത്. പുതുക്കിയ കരട് പട്ടികയില്‍
2,54,42,352 വോട്ടര്‍മാരുടെ പേരുകളാണുള്ളത്.
SIR നടപടിയുടെ ഭാഗമായി വീടുതോറുമുള്ള പരിശോധനയും രേഖാപരിശോധനയും നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് വോട്ടര്‍ പട്ടിക പുതുക്കിയത്
പ്രധാനമായും മരണമടഞ്ഞ വോട്ടര്‍മാര്‍,താമസം മാറിയവര്‍,കണ്ടെത്താനാകാത്തവര്‍, ഇരട്ടയായി രജിസ്റ്റര്‍ ചെയ്ത പേരുകള്‍, മറ്റ് രേഖാ അപാകതകളുള്ള എന്‍ട്രികള്‍ എന്നിവയാണ് തിരെഞ്ഞെടുപ്പ് കമ്മീഷന്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. 2002ന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ഏറ്റവും വലിയ വോട്ടര്‍പട്ടിക പുതുക്കലാണിത്.
പട്ടികയില്‍ സ്വന്തം പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനായി
വോട്ടര്‍മാര്‍ക്ക് Election Commission of India (ECI)**യുടെ ഔദ്യോഗിക വെബ്സൈറ്റായ voters.eci.gov.inല്‍ സന്ദര്‍ശിച്ച് EPIC നമ്പര്‍ നല്‍കിയോ അല്ലെങ്കില്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കി 'Search Your Name in E-Roll' എന്ന ഓപ്ഷന്‍ ഉപയോഗിച്ചും പരിശോധിക്കാവുന്നതാണ്.
കരട് പട്ടികയില്‍ പേര് ഇല്ലാതായതോ, വിവരങ്ങളില്‍ തെറ്റുകളുണ്ടായതോ ആയ വോട്ടര്‍മാര്‍ക്ക് ക്ലെയിം, ഒബ്ജക്ഷന്‍, തിരുത്തല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസരവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. 2026 ജനുവരി 22 വരെ ഈ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഇതിനായി പ്രത്യേകമായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ അപേക്ഷകള്‍ പരിശോധിക്കുകയും പരിഹാരം കാണുകയും ചെയ്യും.
പ്രധാന തീയതികള്‍
കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം: 2025 ഡിസംബര്‍ 23
ക്ലെയിം/ഒബ്ജക്ഷന്‍ അവസാന തീയതി: 2026 ജനുവരി 22
പരാതികള്‍ പരിഹരിക്കുന്ന അവസാന തീയതി: 2026 ഫെബ്രുവരി 14
അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം: 2026 ഫെബ്രുവരി 21