അഭിറാം മനോഹർ|
Last Modified ശനി, 24 ജനുവരി 2026 (12:53 IST)
ബിജെപി സമ്മേളന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള പരിഭവം പരസ്യമാക്കിയെന്ന തരത്തില്‍ വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. പ്രധാനമന്ത്രിയുടെ അടുത്ത് പോകാതിരുന്നതിന്റെ കാരണം വിശദീകരിച്ച ശ്രീലേഖ ക്ഷണിച്ചാലല്ലാതെ പോകരുതെന്ന പരിശീലനം തനിക്ക് ലഭിച്ചിട്ടുള്ളത് കാരണമാണ് അങ്ങനെയുണ്ടായതെന്നാണ് വിശദീകരിക്കുന്നത്. സ്വന്തം ഇരിപ്പിടത്തില്‍ തന്നെ ഇരുന്നത് അച്ചടക്കത്തിന്റെ ഭാഗമാണെന്ന് ശ്രീലേഖ പറയുന്നു.
സംസ്ഥാന ഉപാധ്യക്ഷന്മാരില്‍ ഒരാളായതുകൊണ്ടാണ് വേദിയില്‍ ഇടം ലഭിച്ചത്. രാഷ്ട്രീയം എന്നെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമാണ്. മുപ്പത്തിമൂന്നര വര്‍ഷം പരിശീലിച്ചതും ചെയ്തതും പോലീസ് ഉദ്യോഗസ്ഥയുടെ കടമയാണ്. ഔദ്യോഗിക വേദികളില്‍ ക്ഷണമില്ലാതെ മുതിര്‍ന്ന വ്യക്തികളോട് സമീപിക്കരുത് എന്നതാണ് ഈ കാലയളവില്‍ പഠിച്ച പ്രധാന കാര്യം. പ്രധാനമന്ത്രി വേദിയിലേക്ക് വരുമ്പോള്‍ ലഭിച്ച സ്ഥാനത്ത് ഇരിക്കുക എന്നാണ് പാര്‍ട്ടിപ്രവര്‍ത്തക എന്ന നിലയില്‍ ചെയ്യേണ്ടത് എന്നാണ് ധരിച്ചത്. ഞാന്‍ അങ്ങോട്ടേക്ക് ചെല്ലുന്നത് ശരിയല്ലല്ലോ എന്നാണ് ചിന്തിച്ചത്. ആരും തെറ്റിദ്ധരിക്കേണ്ടതില്ല. എപ്പോഴും ബിജെപിക്കൊപ്പമാണ്. ആര്‍ ശ്രീലേഖ പറഞ്ഞു. പരിപാടിക്കിടെ പ്രധാനമന്ത്രിയോടുള്ള അവഗണനയെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റിദ്ധാരണയില്‍ നിന്നുണ്ടായവ മാത്രമാണെന്നും, തന്റെ നിലപാടില്‍ രാഷ്ട്രീയ വിരോധമോ അസന്തോഷമോ ഇല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.