വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: രണ്ടാംഘട്ട വികസനത്തിന് ജനുവരി 24ന് തുടക്കം

കേരളത്തിന്റെ വികസനകുതിപ്പിൽ നിർണായക നാഴികക്കല്ലായി വിഴിഞ്ഞം

Vizhinjam Port
Vizhinjam Port
അഭിറാം മനോഹർ| Last Modified വ്യാഴം, 22 ജനുവരി 2026 (17:38 IST)
കേരളത്തിന്റെ വികസന യാത്രയില്‍ പുതിയ വിസ്മയം തീര്‍ക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഇന്ത്യയിലെ ഏറ്റവും വലിയ ട്രാന്‍ഷിപ്‌മെന്റ് ഹബ്ബാകാനുള്ള ലക്ഷ്യത്തോടെ തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനുവരി 24ന് ഔദ്യോഗിക തുടക്കം കുറിക്കും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്ര തുറമുഖം, ഷിപ്പിംഗ് ആന്‍ഡ് വാട്ടര്‍വേയ്‌സ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യതിഥിയായിരിക്കും. മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ എന്നിവരുടെ സാന്നിധ്യത്തോടെയാണ് സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലെ സുപ്രധാന ചടങ്ങ് നടക്കുക.

സംസ്ഥാന സര്‍ക്കാരിന്റെ വികസനോന്മുഖമായ ഇടപെടലുകളുടെ ഫലമായി 2045ഓടെ പൂര്‍ത്തിയാക്കാനിരുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ സമ്പൂര്‍ണ്ണ വികസനം 2028ഓടെ യാഥാര്‍ഥ്യമാക്കാനാണ് തീരുമാനം. 2023ല്‍ കണ്‍സഷണയറുമായി ഒപ്പുവെച്ച സപ്ലിമെന്ററി കരാര്‍ പ്രകാരം തുറമുഖത്തിന്റെ 2, 3, 4 ഘട്ടങ്ങള്‍ സംയോജിതമായി വേഗത്തില്‍ നടപ്പാക്കുകയാണ് ലക്ഷ്യം.പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 710 കപ്പലുകളില്‍ നിന്ന് 15.13 ലക്ഷം ടി.ഇ.യു കൈകാര്യം ചെയ്ത് വിഴിഞ്ഞം തുറമുഖം ശ്രദ്ധേയമായ മുന്നേറ്റം നടത്തി. യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിച്ചതോടെ ദക്ഷിണേഷ്യയിലെ പ്രധാന വാണിജ്യ കവാടമായി തുറമുഖം മാറിക്കഴിഞ്ഞു.

ഇന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്തിന്റെ ഒന്നാം ഘട്ടം 2024 ഡിസംബര്‍ 3ന് പ്രവര്‍ത്തനക്ഷമമായി. രണ്ടാംഘട്ടം പൂര്‍ത്തിയാകുന്നതോടെ വാര്‍ഷിക ശേഷി 10 ലക്ഷം ടി.ഇ.യുവില്‍ നിന്ന് 50 ലക്ഷം ടി.ഇ.യുവായി ഉയരും. 800 മീറ്റര്‍ ബെര്‍ത്തുകള്‍ 2 കിലോമീറ്ററായി വികസിപ്പിക്കുകയും ബ്രേക്ക് വാട്ടര്‍ 4 കിലോമീറ്ററായി നീട്ടുകയും ചെയ്യും.റെയില്‍വേ യാര്‍ഡ്, മള്‍ട്ടി പര്‍പ്പസ് ബെര്‍ത്ത്, ലിക്വിഡ് ടെര്‍മിനല്‍, ടാങ്ക് ഫാം എന്നിവയാണ് പുതിയ സൗകര്യങ്ങള്‍. ഏകദേശം 9,700 കോടി രൂപ നിക്ഷേപം വരുന്ന രണ്ടാംഘട്ട വികസനത്തിന് അധിക ഭൂമി ഏറ്റെടുക്കേണ്ടതില്ല എന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.ക്രൂസ് ടെര്‍മിനല്‍, ബങ്കറിംഗ് സൗകര്യങ്ങള്‍ എന്നിവയിലൂടെ വിനോദസഞ്ചാര മേഖലയ്ക്കും സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിനും വലിയ ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനോടകം തന്നെ വിഴിഞ്ഞം തുറമുഖത്തിന്റെ വാണിജ്യ പ്രവര്‍ത്തനങ്ങളിലൂടെ 106 കോടി രൂപയുടെ നികുതി വരുമാനം സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :