അഭിറാം മനോഹർ|
Last Modified ശനി, 24 ജനുവരി 2026 (16:38 IST)
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് കരുനീക്കങ്ങള്‍ ശക്തമാക്കുന്നു. ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചയില്‍ സുപ്രധാന കാര്യങ്ങളില്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ട്.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ 'കൂട്ടായ നേതൃത്വം' എന്ന ഫോര്‍മുലയാണ് ഹൈക്കമാന്‍ഡ് മുന്നോട്ടുവെക്കുന്നത്. ഇതിന്റെ ഭാഗമായി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ പ്രചാരണ സമിതി അധ്യക്ഷനായി നിയോഗിച്ചേക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിയമസഭാ തിരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്നും ഉറപ്പായി. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെസി ജോസഫിനെയും കൊടിക്കുന്നില്‍ സുരേഷിനെയുമാണ് പരിഗണിക്കുന്നത്.
ലോക്‌സഭാ അംഗങ്ങളെ കൂട്ടത്തോടെ നിയമസഭയിലേക്ക് മത്സരിപ്പിക്കുന്ന രീതിക്ക് ഇത്തവണ കടുത്ത നിയന്ത്രണമുണ്ടാകും. ഷാഫി പറമ്പില്‍, ആന്റോ ആന്റണി എന്നിവരെ മാത്രമാണ് നിലവില്‍ പരിഗണിക്കുന്നത്. ഭൂരിഭാഗം സിറ്റിംഗ് എംഎല്‍എമാരും വീണ്ടും മത്സരിക്കുമെങ്കിലും എംപിമാരുടെ കടന്നുകയറ്റം തടയുന്നതിലൂടെ പ്രാദേശിക തലത്തില്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ അവസരം നല്‍കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്.
അതേസമയം തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച സുപ്രധാന യോഗത്തില്‍ നിന്ന് ശശി തരൂര്‍ വിട്ടുനിന്നത് നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്. എറണാകുളത്തെ മഹാപഞ്ചായത്ത് വേദിയില്‍ തനിക്ക് നേരിട്ട അവഗണനയില്‍ തരൂര്‍ കടുത്ത അമര്‍ഷത്തിലാണ്. 2026-ല്‍ നിര്‍ണ്ണായക സ്വാധീനമുണ്ടാക്കാന്‍ സാധിക്കുന്ന തരൂരിനെപ്പോലൊരു നേതാവിന്റെ നിസ്സഹകരണം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ ബാധിക്കുമോ എന്ന ആശങ്ക ഹൈക്കമാന്‍ഡിനുണ്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കാതെ, ഒരു ടീമായി മുന്നോട്ട് പോകാനാണ് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.