അഭിറാം മനോഹർ|
Last Modified വ്യാഴം, 29 ജനുവരി 2026 (12:49 IST)
കേരളത്തിലെ ദീര്‍ഘകാലമായി കാത്തുനിന്നിരുന്ന രണ്ട് പ്രധാന റെയില്‍വേ പദ്ധതികള്‍ക്ക് വീണ്ടും ജീവന്‍ വെയ്ക്കുന്നു. അങ്കമാലി- എരുമേലി ശബരി പാത, ഗുരുവായൂര്‍- തിരുനാവായ പദ്ധതികളാണ് വീണ്ടും പുനരുജ്ജീവിപ്പിക്കുന്നത്. 2019ല്‍ പദ്ധതിചെലവ് കൂടിയത് മൂലം ശബരിപാത റെയില്‍വേ മരവിപ്പിച്ചിരുന്നു. സര്‍വേ പൂര്‍ത്തിയാക്കാന്‍ കേരള സഹകരിക്കുന്നില്ലെന്ന് കാണിച്ചാണ് ഗുരുവായൂര്‍- തിരുനാവായ പദ്ധതി മരവിപ്പിച്ചത്.
ശബരി റെയില്‍വേ പദ്ധതിക്ക് പുതുക്കിയ കണക്കുപ്രകാരം ഏകദേശം 3,810 കോടി രൂപയാണ് ചെലവ്. ഇതില്‍ പകുതി തുക വഹിക്കണമെന്ന റെയില്‍വേ മന്ത്രാലയത്തിന്റെ നിബന്ധനയും സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പരിമിതികളും ചേര്‍ന്നാണ് പദ്ധതി 2019ല്‍ താല്‍ക്കാലികമായി ഉപേക്ഷിക്കപ്പെട്ടത്.
അതേസമയം ഗുരുവായൂര്‍-തിരുനാവായ റെയില്‍വേ ലൈന്‍ മലബാറിനും മധ്യകേരളത്തിനും ഇടയിലെ യാത്രാ ദൂരം കുറയ്ക്കുന്ന, സാങ്കേതികമായി താരതമ്യേന എളുപ്പമുള്ള പദ്ധതിയായാണ് വിലയിരുത്തപ്പെടുന്നത്. കുന്നംകുളം വരെ സര്‍വേ പൂര്‍ത്തിയായെങ്കിലും, മലപ്പുറം ജില്ലയില്‍ ഭൂമിയേറ്റെടുക്കലിനെതിരായ എതിര്‍പ്പുകള്‍ കാരണം പദ്ധതി മുന്നോട്ട് പോകാന്‍ കഴിഞ്ഞിരുന്നില്ല. ഈ റെയില്‍വേ കണക്ഷന്‍ യാഥാര്‍ഥ്യമായാല്‍, തിരക്ക് അനുഭവിക്കുന്ന ഷൊര്‍ണൂര്‍-തൃശൂര്‍ റൂട്ടിന് വലിയ ആശ്വാസമാകും എന്നതോടൊപ്പം, ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കുള്ള നേരിട്ടുള്ള റെയില്‍വേ യാത്ര മലബാറില്‍ നിന്നുള്ള ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാവുകയും ചെയ്യും.
ദശാബ്ദങ്ങളായി ഫയലുകളില്‍ മാത്രം ഒതുങ്ങിയിരുന്ന ഈ പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കുന്നത്, കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഒരു നിര്‍ണായക വഴിത്തിരിവായേക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണം, ഭൂമിയേറ്റെടുക്കലിലെ സാമൂഹിക സമ്മതം, സമയബന്ധിതമായ തീരുമാനങ്ങള്‍ എന്നിവയാണ് ഇനി ഈ പദ്ധതികളുടെ ഭാവി നിര്‍ണയിക്കുക. പ്രഖ്യാപനങ്ങള്‍ക്കപ്പുറം, പ്രവര്‍ത്തനരംഗത്ത് യഥാര്‍ത്ഥ മുന്നേറ്റം ഉണ്ടാകുമോയെന്നതാണ് കേരളം ഉറ്റുനോക്കുന്നത്.