കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇനി നീട്ടേണ്ടതില്ല; കര്‍ശന നിയന്ത്രണങ്ങള്‍ തുടരാം

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 2 ജൂണ്‍ 2021 (08:10 IST)

കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇനിയും നീട്ടേണ്ടതില്ലെന്ന് ആരോഗ്യവിദഗ്ധര്‍. കോവിഡ് വ്യാപന കര്‍വ് താഴ്ന്നതിനാല്‍ ഉപാധികളോടെ ലോക്ക്ഡൗണ്‍ പിന്‍വലിക്കുകയാണ് ഉത്തമമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി പിന്നീട് താഴേക്കുവരുന്നതാണ് ഒരു പകര്‍ച്ചവ്യാധിയുടെ തരംഗം. ഏറ്റവും കൂടുതല്‍ രോഗികളുടെ എണ്ണം രേഖപ്പെടുത്തുന്നതാണ് രോഗവ്യാപനത്തിന്റെ ഏറ്റവും മൂര്‍ധന്യാവസ്ഥ. കേരളത്തില്‍ ഈ ഘട്ടം കഴിഞ്ഞെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഏപ്രില്‍ 28 നാണ് കേരളത്തില്‍ കോവിഡ് വ്യാപനം അതിന്റെ മൂര്‍ധന്യത്തിലെത്തുന്നത്. പിന്നീട് രോഗികളുടെ എണ്ണം ക്രമാതീതമായി കുതിച്ചുയര്‍ന്നു. മേയ് 12 നാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം കോവിഡ് കര്‍വ് പതുക്കെ താഴാന്‍ തുടങ്ങി. നിലവില്‍ കര്‍വ് താഴ്ന്നു തന്നെയാണ് നില്‍ക്കുന്നത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ നയത്തില്‍ ഇളവ് ആകാമെന്നാണ് വിലയിരുത്തല്‍.

അതേസമയം, കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ജൂണ്‍ ഒന്‍പതിന് അവസാനിച്ചേക്കും. മേയ് എട്ടിനു ആരംഭിച്ച ലോക്ക്ഡൗണ്‍ ജൂണ്‍ ഒന്‍പത് ആകുമ്പോഴേക്കും ഒരു മാസം പിന്നിടും. അതുകൊണ്ട് തന്നെ ഇനിയും ലോക്ക്ഡൗണ്‍ നീട്ടാന്‍ സര്‍ക്കാരും ആരോഗ്യവകുപ്പും തയ്യാറാകില്ല. ലോക്ക്ഡൗണ്‍ തുടര്‍ന്നാല്‍ ജനജീവിതം കൂടുതല്‍ ദുസഹമാകുമെന്നാണ് സര്‍ക്കാര്‍ നിലപാട്. ജൂണ്‍ ഒന്‍പത് ആകുമ്പോഴേക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിലേക്ക് താഴ്ത്താമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. രോഗികളുടെ എണ്ണവും കുറച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

ജൂണ്‍ ഒന്‍പതിന് ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരും. ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാ പരിപാടികളും ഒഴിവാക്കും. മദ്യവില്‍പ്പന ശാലകള്‍, ബാറുകള്‍, സിനിമാ തിയറ്ററുകള്‍ എന്നിവ ഉടന്‍ തുറക്കില്ല. ആഘോഷങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. പൊലീസ് പരിശോധന കര്‍ശനമായി തുടരും. ടര്‍ഫുകള്‍, മൈതാനങ്ങള്‍ എന്നിവ അടഞ്ഞുകിടക്കും. ആരാധനാലയങ്ങളിലും നിയന്ത്രണം തുടരും. ജൂണ്‍ മാസം മുഴുവനും ഇത്തരം നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :