1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Lockdown Extension after June 8

കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇനിയും നീട്ടുമോ?

Lockdown
മേയ് എട്ടിനാണ് കേരളത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മേയ് 16 വരെയായിരുന്നു ആദ്യഘട്ട ലോക്ക്ഡൗണ്‍. രോഗവ്യാപനം കുറാത്ത സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ മേയ് 23 വരെ നീട്ടി. പിന്നീട് മൂന്നാം ഘട്ടമായി മേയ് 30 വരെയും നാലാം ഘട്ടമായി ജൂണ്‍ എട്ട് വരെയും ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നു. ഒരു മാസത്തോളമായുള്ള കടുത്ത നിയന്ത്രണങ്ങള്‍ക്ക് ജൂണ്‍ എട്ടിനുശേഷം ഇളവ് ലഭിക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. 
 
ലോക്ക്ഡൗണ്‍ ഇനിയും നീട്ടാന്‍ സാധ്യത കുറവാണ്. കടുത്ത നിയന്ത്രണങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ ജനജീവിതം ദുസഹമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. അതുകൊണ്ട് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇനിയുണ്ടാകില്ല. ജൂണ്‍ ഒന്‍പത് ആകുമ്പോഴേക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിലേക്ക് താഴ്ത്താമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. രോഗികളുടെ എണ്ണവും കുറച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. 
 
കേരളത്തില്‍ ഇന്നലെ 19,894 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.97 ശതമാനമായി കുറഞ്ഞിട്ടുണ്ട്. നേരത്തെ ഇത് 30 ശതമാനത്തിനു അടുത്തായിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാലാണ് രോഗനിയന്ത്രണം സാധ്യമായതെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. 
 
അതേസമയം, ജൂണ്‍ ഒന്‍പതിന് ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരും. ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാ പരിപാടികളും ഒഴിവാക്കും. മദ്യവില്‍പ്പന ശാലകള്‍, ബാറുകള്‍, സിനിമാ തിയറ്ററുകള്‍ എന്നിവ ഉടന്‍ തുറക്കില്ല. ആഘോഷങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. പൊലീസ് പരിശോധന കര്‍ശനമായി തുടരും. ടര്‍ഫുകള്‍, മൈതാനങ്ങള്‍ എന്നിവ അടഞ്ഞുകിടക്കും. ആരാധനാലയങ്ങളിലും നിയന്ത്രണം തുടരും. ജൂണ്‍ മാസം മുഴുവനും ഇത്തരം നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. 
 
മേയ് 27 ന് കേരളത്തില്‍ 24,166 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.87 ആയിരുന്നു. മേയ് 28 ലേക്ക് എത്തിയപ്പോള്‍ 22,318 രോഗികളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 ശതമാനവും ആയി. ഒരാഴ്ചകൊണ്ട് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ലേക്ക് എത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. എങ്കില്‍ മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാന്‍ സാധിക്കൂ. 
 
About Writer
നെല്‍വിന്‍ വില്‍സണ്‍
അടുത്ത ലേഖനം
കൊവിഡിന്റെ മൂന്നാം തരംഗം? മഹാരാഷ്ട്രയിലെ ഒരു ജില്ലയിൽ ഒരു മാസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 8,000 കുട്ടികളിൽ