കരിപ്പൂരില്‍ സ്വര്‍ണ്ണവേട്ട: ഒരു കോടിയുടെ സ്വര്‍ണ്ണം പിടിച്ചു

അനധികൃതമായി സ്വര്‍ണ്ണക്കടത്തു നടത്തി വിമാനത്താവളത്തില്‍ നിന്ന് രക്ഷപ്പെട്ടെന്ന് ആശ്വസിച്ചെങ്കിലും ഒടുവില്‍ ഡി ഐ ആര്‍ ഉദ്യോഗസ്ഥര്‍ ഒരു കോടി രൂപയുടെ സ്വര്‍ണ്ണവുമായി യാത്രക്കാരനെ പിടികൂടി

കരിപ്പൂര്, സ്വര്‍ണ്ണം, അറസ്റ്റ് karippur, gold, arrest
കരിപ്പൂര്| സജിത്ത്| Last Modified ശനി, 23 ഏപ്രില്‍ 2016 (12:18 IST)
അനധികൃതമായി സ്വര്‍ണ്ണക്കടത്തു നടത്തി വിമാനത്താവളത്തില്‍ നിന്ന് രക്ഷപ്പെട്ടെന്ന് ആശ്വസിച്ചെങ്കിലും ഒടുവില്‍ ഡി ഐ ആര്‍ ഉദ്യോഗസ്ഥര്‍ ഒരു കോടി രൂപയുടെ സ്വര്‍ണ്ണവുമായി യാത്രക്കാരനെ പിടികൂടി. കോഴിക്കോട് എന്‍ ഐ ടിക്കടുത്ത് അമ്പലപ്പുറാ സ്വദേശി റഫീഖ് എന്ന 30 കാരനാണു പിടിയിലായത്.

കഴിഞ്ഞ ദിവസം രാവിലെ അബുദാബി വഴിയുള്ള ഇത്തിഹാദ് എയര്‍ വിമാനത്തില്‍ റിയാദില്‍ നിന്നാണ് ഇയാള്‍ വന്നത്. ഇയാള്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞ് വിമാനത്താവളത്തില്‍ കാത്തു നിന്ന കാറില്‍ കയറാനൊരുങ്ങവേയാണ് അധികാരികളുടെ പിടിയിലായത്.

ഇയാളെ സ്വീകരിക്കാനെത്തിയ കൊടുവള്ളി സ്വദേശികളായ ഷമീര്‍, ഇബ്രാഹിം എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാറില്‍ ഇയാള്‍ കൊണ്ടുവന്ന എമര്‍ജന്‍സി ലാമ്പിനുള്ളില്‍ സൂക്ഷിച്ചിരുന്ന 10 തോലയുടെ 28 സ്വര്‍ണ്ണ ബിസ്കറ്റുകള്‍ കൂടാതെ 4 ലക്ഷം രൂപയും പിടിച്ചെടുത്തു.
കൊണ്ടുവന്ന സ്വര്‍ണ്ണത്തിന് ഒരു കോടി രൂപ വിലവരും.

കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇത്തരത്തില്‍ കൊണ്ടുവന്ന മൂന്നര കിലോഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു. കോഴിക്കോട് നിന്നുള്ള രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡി.ആര്‍.ഐ സംഘം പിടികൂടിയത്. എന്നാല്‍ ഇയാള്‍ സ്വര്‍ണ്ണക്കടത്തിലെ കാരിയറാണെന്നും ഇയാള്‍ക്കുള്ള കൂലിയാണു കാറില്‍ നിന്നു പിടിച്ച 4 ലക്ഷം രൂപ എന്നുമാണു അധികാരികള്‍ കരുതുന്നത്.

കൊടുവള്ളിയിലെ സ്വര്‍ണ്ണ കടത്ത് റാക്കറ്റ് ആണ് ഇതിന്‍റെ പിന്നിലെന്നു കരുതുന്നു. വിമാനത്താവളത്തിലെ കസ്റ്റംസിനെ എങ്ങനെ ഇയാള്‍ വെട്ടിച്ചു പുറത്തുകടന്നു എന്നതും അന്വേഷിക്കുന്നുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :