മുംബൈ|
aparna shaji|
Last Modified വെള്ളി, 22 ഏപ്രില്‍ 2016 (12:11 IST)
എയർ ഹോസ്റ്റസിനോട് മോശമായി പെരുമാറിയെന്ന പരാതിയെത്തുടർന്ന് വിമാനയാത്രികനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍ഡിഗോ കമ്പനിയുടെ 6-ഇ-326 വിമാനത്തിലാണ് സംഭവം. ബംഗ്ലാദേശ് സ്വദേശി ആഷിം ഭൂമിക് (38) ആണ് പൊലീസ് പിടിയിലായത്.
കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ആഷിമിനൊപ്പം മറ്റ് രണ്ട് സുഹൃത്തുക്കളുമുണ്ടായിരുന്നു. യുവാക്കളുടെ സംഘത്തിന് ഭക്ഷണം വിളമ്പുകയായിരുന്ന എയർ ഹോസ്റ്റസിന്റെ ചിത്രങ്ങൾ യുവാവ് മൊബൈലിൽ പകർത്തുകയായിരുന്നു. എയർ ഹോസ്റ്റസ് എതിർത്തുവെങ്കിലും യുവാക്കൾ കാര്യമാക്കിയില്ല. വിമാനത്തിലെ ജീവനക്കാരിൽ ഒരാൾ മൊബൈൽ പിടിച്ചെടുക്കുകയും മുംബൈയിലെത്തിയ ഉടൻ യുവാക്കളെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്യുകയായിരുന്നു.
പിടികൂടിയപ്പോൾ ഒരാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ജീവനക്കാരി പരാതി നൽകിയത് ഫോട്ടോ എടുത്ത യുവാവിനെതിരെ മാത്രമാണ്. അതിനാൽ ഇയാൾക്കെതിരെ മാത്രമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐ പി സി. 354-ാം വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി ഡി സി പി വീരേന്ദ്ര മിശ്ര അറിയിച്ചു.