കെ.സുരേന്ദ്രന്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കും

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 3,859 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ പാലക്കാട് ജയിച്ചത്

രേണുക വേണു| Last Modified തിങ്കള്‍, 10 ജൂണ്‍ 2024 (20:10 IST)

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മത്സരിക്കും. ബിജെപിക്ക് വിജയസാധ്യതയുള്ള സീറ്റായതിനാല്‍ കെ.സുരേന്ദ്രന്‍ മത്സരിക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കുകയാണെങ്കില്‍ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റാനും പദ്ധതിയുണ്ട്. പാലക്കാട് മത്സരിക്കാന്‍ സുരേന്ദ്രനും സന്നദ്ധനാണ്.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 3,859 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ പാലക്കാട് ജയിച്ചത്. ഷാഫി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ബിജെപി സ്ഥാനാര്‍ഥി ഇ.ശ്രീധരനാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് രണ്ടാം സ്ഥാനത്തെത്തിയത്. ഇത്തവണ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് പിടിക്കാമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്.

എം.സ്വരാജിനെ സ്ഥാനാര്‍ഥിയാക്കാനാണ് എല്‍ഡിഎഫ് ക്യാംപ് ആലോചിക്കുന്നത്. വി.ടി.ബല്‍റാമോ രാഹുല്‍ മാങ്കൂട്ടത്തിലോ ആയിരിക്കും പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :