Nelvin Gok|
Last Updated:
ശനി, 23 ഡിസംബര്‍ 2023 (12:15 IST)
Nelvin Gok / [email protected]
കേരളത്തില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവം പോലുള്ള മേളകള്‍ ബഹുസ്വരതയുടെ പ്രതീകങ്ങളാണ്. ജാതി, മത, ലിംഗ, രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ എല്ലാ മനുഷ്യരേയും വിശാലമായ കാഴ്ചപ്പാടില്‍ ഉള്‍ക്കൊള്ളുന്ന ഇത്തരം മേളകളും ഒത്തുചേരലുകളും കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായാണ് രാജ്യത്തിനു പുറത്ത് പോലും ചര്‍ച്ച ചെയ്യപ്പെടുന്നത്. അങ്ങനെയൊരു പ്ലാറ്റ്ഫോമില്‍ നിന്നുള്ള സുന്ദരമായ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലെ സദാചാരവാദികളെ പ്രകോപിപ്പിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ആണ് പെണ്ണിനെ പോലെയും പെണ്ണ് ആണിനെ പോലെയും വസ്ത്രം ധരിച്ചാല്‍ ഇവിടെ ലിംഗസമത്വം സാധ്യമാകുമോ എന്നാണ് അത്തരക്കാരുടെ ചോദ്യം.
സാരിയുടുത്ത് അണിഞ്ഞൊരുങ്ങി സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ ജസീല്‍ തന്റെ സ്വത്വം ആഘോഷിക്കുകയായിരുന്നു, ആത്മസംതൃപ്തിയോടെ സന്തോഷിക്കുകയായിരുന്നു. ആ ചിത്രങ്ങളെയാണ് സോഷ്യല്‍ മീഡിയയിലെ അസഹിഷ്ണുക്കള്‍ വലിച്ചുകീറിയത്. മനുഷ്യത്ത വിരുദ്ധമായ മോശം കമന്റുകള്‍ കൊണ്ട് 'വൃത്തികേട്' എന്നു വിധിച്ചത്. ആ ചിത്രങ്ങളെ കുറിച്ചും തുടര്‍ന്നുണ്ടായ ചര്‍ച്ചകളെ കുറിച്ചും ചാലക്കുടി അഗ്രോണമിക് റിസര്‍ച്ച് സ്റ്റേഷനിലെ ഫാം ഓഫീസറായ ജസീലിന് പറയാനുള്ളത് കേള്‍ക്കാം:
ആണോ പെണ്ണോ അല്ലാത്ത മനുഷ്യരും ഇവിടെയുണ്ട്
സോ കോള്‍ഡ് ആണ്‍/പെണ്‍ എന്നതിനപ്പുറമുള്ള മനുഷ്യരെ അംഗീകരിക്കാനും സ്വീകരിക്കാനും ഈ സമൂഹത്തിലെ ഭൂരിപക്ഷത്തിനും ഇപ്പോഴും സാധിച്ചിട്ടില്ല. ഐഎഫ്എഫ്കെയുടെ പ്ലാറ്റ്ഫോമുകളിലാണ് ഈ ചിത്രങ്ങള്‍ ആദ്യം റിലീസ് ആയത്. രാജ്യാന്തര ചലച്ചിത്രോത്സവം പോലുള്ള വലിയൊരു വേദിയില്‍ ഞങ്ങള്‍ക്ക് സ്വീകാര്യതയും ബഹുമാനവും ലഭിക്കുമ്പോള്‍ അതിനെ അംഗീകരിക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ട്. അല്ലെങ്കില്‍ അതൊക്കെ കാണുമ്പോള്‍ അവര്‍ പ്രകോപിതരാകുന്നു.
മസ്‌കുലിനിറ്റിക്കും ഫെമിനിനിറ്റിക്കും അപ്പുറത്ത് വേറെയും ചില മനുഷ്യരുണ്ടെന്ന് മനസിലാക്കാനും വിശാലമായ കാഴ്ചപ്പാടോടെ അവരെ സ്വീകരിക്കാനും ഇവര്‍ക്ക് കഴിയാത്തതിന്റെ പ്രശ്നമാണ്..!
ഇത് ജെന്‍ഡര്‍ ന്യൂട്രാലിറ്റിയല്ല !
എന്നെ പിന്തുണയ്ക്കുന്നവരാണെങ്കിലും എതിര്‍ക്കുന്നവരാണെങ്കിലും ജെന്‍ഡര്‍ ന്യൂട്രാലിറ്റി (ലിംഗ സമത്വം) എന്ന കാഴ്ചപ്പാടില്‍ നിന്നാണ് സംസാരിക്കുന്നത്. എന്നാല്‍ ഞാന്‍ അതിനു നല്‍കുന്ന വിശേഷണം അതല്ല. ഞാന്‍ നടത്തിയത് ജെന്‍ഡര്‍ ന്യൂട്രല്‍ ആയുള്ള വസ്ത്ര ധാരണമല്ല. എന്നെ സംബന്ധിച്ചിടുത്തോളം ഞാനൊരു നോണ്‍ ബൈനറി ആയിട്ടുള്ള വ്യക്തിയാണ്. പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീ എന്നൊരു സോ കോള്‍ഡ് ജെന്‍ഡര്‍ ബൈനറിക്കുള്ളില്‍ വരാത്ത മനുഷ്യനാണ് ഞാന്‍. അതുകൊണ്ടാണ് നോണ്‍ ബൈനറി എന്ന വാക്ക് ഉപയോഗിക്കുന്നത്. ജനിച്ച സമയത്ത് 'മെയില്‍' ജെന്‍ഡര്‍ എന്ന രീതിയിലാണ് എന്നെ മറ്റുള്ളവര്‍ അംഗീകരിച്ചത്. പക്ഷേ ഞാനൊരു മെയിലോ ഫീമെയിലോ അല്ല, നോണ്‍ ബൈനറി ആയിട്ടുള്ള വ്യക്തിയാണ്.
ജെന്‍ഡര്‍ എന്നത് ഒരിക്കലും ഒരു ബൈനറി ആശയമല്ല. അതിനെ വെറും രണ്ട് നമ്പറുകള്‍ക്കുള്ളില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയില്ല. മസ്‌കുലിനിറ്റിക്കും ഫെമിനിനിറ്റിക്കും (പുരുഷത്വം, സ്ത്രീത്വം) ഇടയില്‍ വരുന്ന വിശാലമായ ഒന്നാണ് ജെന്‍ഡര്‍. പുരുഷത്വത്തിനും സ്ത്രീത്വത്തിനും ഇടയില്‍ എവിടെ വേണമെങ്കിലും ഒരു മനുഷ്യന്‍ വിന്യസിക്കപ്പെടാം. നൂറ് ശതമാനം പുരുഷന്‍ അല്ലെങ്കില്‍ നൂറ് ശതമാനം സ്ത്രീ എന്നു പറയുന്ന ആശയമല്ല ജെന്‍ഡര്‍. എല്ലാ മനുഷ്യരും പല രീതിയില്‍ ആണ്. ചിലപ്പോള്‍ ഫെമിനിനിറ്റി കൂടിയ പുരുഷന്‍മാരും നേരെ തിരിച്ചും കാണാം. എന്നെ സംബന്ധിച്ചിടുത്തോളം എന്റെ മസ്‌കുലിനിറ്റിയോ ഫെമിനിനിറ്റിയോ ഇതുവരെ ലേബല്‍ ചെയ്യപ്പെട്ടിട്ടില്ല. പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീ എന്നു പറയുന്ന ഒരിടത്തല്ല, ഇത് രണ്ടിനും ഇടയിലാണ് എന്റെ ജെന്‍ഡര്‍ നില്‍ക്കുന്നത്. ഞാനായിരിക്കുന്ന അവസ്ഥയില്‍ എനിക്ക് സന്തോഷവും ആത്മവിശ്വാസവും ഉണ്ട്.
സാമ്പത്തിക സുരക്ഷിതത്വം വന്നപ്പോള്‍ വീട്ടില്‍ നിന്നിറങ്ങി
ഞാന്‍ സ്ത്രീകള്‍ നടക്കുന്ന പോലെയാണ് ചെറുപ്പം മുതല്‍ നടന്നിരുന്നത്. അതൊന്നും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അംഗീകരിക്കാന്‍ പറ്റിയിരുന്നില്ല. ആണുങ്ങളെ പോലെ നടക്കാന്‍ ചെറുപ്പം മുതല്‍ വീട്ടുകാര്‍ എന്നെ തല്ലിപ്പഠിപ്പിച്ചിട്ടുണ്ട്. ആണുങ്ങളെ പോലെ നടക്കണം, വസ്ത്രം ധരിക്കണം, ഭക്ഷണം കഴിക്കണം എന്നൊക്കെ തങ്ങളുടെ പ്രിവില്ലേജ് ഉപയോഗിച്ച് വീട്ടുകാര്‍ എന്നെ പഠിപ്പിക്കാന്‍ ശ്രമിച്ചു. സമൂഹത്തെ പേടിച്ച് വീട്ടുകാരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ഞാന്‍ പലതിനും വഴങ്ങേണ്ടി വരും. പക്ഷേ എന്റെ ജെന്‍ഡറിനെ കുറിച്ച് അപ്പോഴും എനിക്ക് ബോധ്യമുണ്ടായിരുന്നു. എനിക്ക് പാവാട ധരിക്കാനും സാരിയുടുക്കാനും ചെറുപ്പത്തിലും തോന്നിയിരുന്നു. ചെറുപ്പം മുതലേ ഞാന്‍ സ്ത്രീത്വം കൊണ്ടു നടക്കുന്നുണ്ട്. പക്ഷേ സാമ്പത്തികമായി സുരക്ഷിതത്വം വന്നപ്പോള്‍ ആണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. കാരണം അവര്‍ക്ക് എന്നെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു.
എനിക്ക് എന്റെ താടിയും ഇഷ്ടമാണ് !
സാരി ധരിച്ചുള്ള ചിത്രങ്ങള്‍ക്ക് താഴെ പലരും ചോദിക്കുന്നത് കേട്ടു സാരിയുടുത്ത് നടക്കാനാണ് ഇഷ്ടമെങ്കില്‍ പിന്നെ എന്തിനാണ് താടി വെച്ചിരിക്കുന്നത് എന്ന്. അവരോടു എനിക്ക് പറയാനുള്ളത് ട്രിം ചെയ്തുള്ള താടിയും സാരി ധരിക്കുന്നതും എനിക്ക് ഇഷ്ടമാണ്. രണ്ടും എനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളാണ്. ഞാനത് എന്റെ സന്തോഷത്തിനു വേണ്ടി ചെയ്യുന്നു.
ധരിക്കുന്ന ആളുടെ ജെന്‍ഡര്‍ എന്തെന്ന് തുണിക്ക് അറിയില്ലല്ലോ. വളര്‍ച്ച എത്താത്ത സമൂഹം തുണിയിലൂടെ ജെന്‍ഡറിനെ കാണുന്നു എന്ന് മാത്രം, അവിടെയാണ് ഞാന്‍ സാരിയുടുക്കുന്നതിന്റെ പ്രസക്തിയും.
എന്നിലെ സ്ത്രീത്വത്തെ ഞാന്‍ ആഘോഷിക്കുന്നതാണ്
എന്നിലെ സ്ത്രീത്വത്തെ പ്രകടിപ്പിക്കാനും ആഘോഷിക്കാനും ഞാന്‍ തിരഞ്ഞെടുക്കുന്ന വസ്ത്രം മാത്രമാണ് സാരി. അതെനിക്ക് സന്തോഷവും ആത്മസംതൃപ്തിയും നല്‍കുന്നുണ്ട്. ഞാന്‍ ഒരു സാരിയും കൊണ്ടാണ് ഐഎഫ്എഫ്കെയ്ക്ക് വന്നത്. അത് ധരിക്കാനുള്ള ആത്മവിശ്വാസം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ആദ്യ ദിവസം സാരി ധരിച്ച് തിരിച്ചെത്തി കഴിഞ്ഞപ്പോള്‍ എന്റെ സുഹൃത്തുക്കള്‍ ഫെയ്സ്ബുക്കിലെ ഒരു സ്വകാര്യ ഗ്രൂപ്പിനുള്ളില്‍ വന്ന ചര്‍ച്ചയുടെ ഭാഗങ്ങള്‍ എനിക്ക് അയച്ചു തന്നു. എന്റെ ഫോട്ടോ ഉപയോഗിച്ച് ട്രോളുകളെല്ലാം ഉണ്ടായിരുന്നു. അപ്പോഴാണ് 'എന്നാല്‍ പിന്നെ ഒന്ന് കാണണമല്ലോ' എന്ന് മനസ്സില്‍ ഉറപ്പിച്ച് ബാക്കി മൂന്ന് സാരികള്‍ ധരിച്ചത്. സുഹൃത്തിന്റെ കൈയില്‍ നിന്നുള്ളതും പിന്നെ തിരുവനന്തപുരത്ത് നിന്നു തന്നെ സാരി വാങ്ങിയും ഞാന്‍ ധരിച്ചു. മറ്റുള്ളവര്‍ അവരുടെ പ്ലാറ്റ്ഫോമുകളില്‍ കിടന്ന് എന്തൊക്കെ പറഞ്ഞാലും എന്റെ നിലനില്‍പ്പിനെ ഇല്ലാതാക്കാന്‍ അവര്‍ക്ക് കഴിയില്ല. അവര്‍ എത്രത്തോളം ഉച്ചത്തില്‍ എനിക്കെതിരെ സംസാരിക്കുന്നോ അതിനേക്കാള്‍ ഉച്ചത്തില്‍ ഞാന്‍ തിരിച്ചു സംസാരിക്കും.