1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heat Wave Alert Kerala

ഉയർന്ന താപനിലയെ പേടിക്കണം; ധാരാളം വെള്ളം കുടിക്കണം

ചൂടനുസരിച്ച് ശരീരം വിയർക്കുമ്പോൾ കൂടുതൽ ജലാംശവും ലവണങ്ങളും നഷ്ടമാകുന്നതുമൂലം പേശി വലിയലും വേദനയുമുണ്ടാകും

Heat Wave Alert Kerala
സംസ്ഥാനത്ത് അസഹ്യമായ ചൂട് തുടരുകയാണ്. ഉയർന്ന താപനില പല രോഗങ്ങൾക്കും കാരണമായേക്കാം. തൊലിപ്പുറത്ത് ചുവപ്പുനിറത്തിൽ തിണർപ്പുകളുണ്ടാകുകയും അവ ചൊറിച്ചിലുണ്ടാക്കുകയും തുടർന്ന് അണുബാധയുണ്ടായി പഴുക്കാനും സാധ്യതയുണ്ട്. നല്ല ചൂടിൽ തൊലിയിലെ രക്തക്കുഴലുകൾ വികസിക്കുന്നതിനാൽ പ്രായമായവരിലും കൂടുതൽ സമയം ജോലി ചെയ്യുന്നവരിലും രക്തം കെട്ടിനിന്ന് കാലിൽ നീരുണ്ടാകാം.
 
ചൂടനുസരിച്ച് ശരീരം വിയർക്കുമ്പോൾ കൂടുതൽ ജലാംശവും ലവണങ്ങളും നഷ്ടമാകുന്നതുമൂലം പേശി വലിയലും വേദനയുമുണ്ടാകും. തൊലിപ്പുറത്തെയും കാലുകളിലെയും രക്തക്കുഴലുകളിലേക്ക് രക്തയോട്ടം കൂടുന്നതിനാലും തുടർന്ന് തലച്ചോറിലേക്ക് വേണ്ടത്ര രക്തം ലഭിക്കാത്തതിനാൽ ഓക്സിജൻ കുറയുന്നതുകൊണ്ടും തല കറങ്ങി വീഴാനിടയുണ്ട്. രക്തസമ്മർദം കുറയുകയും കണ്ണിൽ ഇരുട്ട് കയറുകയും മുഖം വിളറുകയും തർന്നുവീഴുകയും ചെയ്യും.
 
കൂടിയ താപനിലയിൽ കൂടുതൽ അധ്വാനിക്കുമ്പോൾ ശരീരത്തിൽനിന്ന് പരിധിയിലധികം ജലാംശവും ലവണങ്ങളും നഷ്ടമാകുകയും വേണ്ടത്ര പകരം നൽകുകയും ചെയ്യാതിരുന്നാൽ കഠിനമായ ദാഹം, ക്ഷീണം, തലകറക്കം എന്നിവയുണ്ടാകും. താപനില 40 ഡിഗ്രി സെൽഷ്യസിലും ഉയരുമ്പോൾ ശരീരത്തിന് അതുമായി പൊരുത്തപ്പെടാൻ പറ്റാതെ വിയർപ്പുഗ്രന്ഥികൾ പ്രവർത്തനക്ഷമമല്ലാതാകും. വിയർക്കാതെ തൊലി വരണ്ട്, ബോധം നഷ്ടപ്പെട്ട് കോമയിലെത്തി മരണം വരെ സംഭവിക്കാം.
 
പ്രമേഹരോഗികൾ, കൈകാലുകളിലെ രക്തയോട്ടത്തിന് തകരാറുള്ള രോഗികൾ, മാനസികരോഗികൾ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം. ഉപ്പ് നിയന്ത്രണവും വെള്ളനിയന്ത്രണവും ആവശ്യമുള്ള വൃക്ക- ഹൃദ്രോഗികൾ- ചികിത്സിക്കുന്ന ഡോക്ടറുടെ പ്രത്യേക ഉപദേശം തേടണം. കിഡ്നിയും ഹൃദയവുമായും ബന്ധപ്പെട്ട രോഗങ്ങളുള്ളവർ, മാനസികരോഗമുള്ളവർ, രക്തസമ്മർദമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. ഉയർന്ന താപനിലയിൽ പല മരുന്നുകളുടെയും ഗുണം നഷ്ടമാകാൻ സാധ്യതയുണ്ട്. അതിനാൽ അവ തണുപ്പുള്ളതും ഈർപ്പമില്ലാത്തതുമായ സ്ഥലങ്ങളിൽ, 25 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണം.
 
ഉയർന്ന താപനിലയും അതിനനുബന്ധമായ ജലക്ഷാമവും വായുമലിനീകരണവും മൂലം ചില രോഗങ്ങളുണ്ടാകാനും സാധ്യതയുണ്ട്. വെള്ളത്തിൽ രോഗാണുക്കളുടെ സാന്ദ്രത കൂടുന്നതിനാൽ മഞ്ഞപ്പിത്തം, വയറിളക്കം, ടൈഫോയ്ഡ്, കോളറ തുടങ്ങിയവും ജലക്ഷാമം മൂലം ജലം ശേഖരിച്ചുവെക്കുന്നതിനാൽ കൊതുകുജന്യരോഗങ്ങളായ ഡെങ്കി, ചിക്കൻഗുനിയ തുടങ്ങിയവയും ഉണ്ടാകാം. പൊടിപടലങ്ങൾ മൂലം ചിക്കൻപോക്സ്, മീസിൽസ്, മുണ്ടിനീര്, ശ്വാസകോശരോഗങ്ങൾ എന്നിവ കൂടാം. കണ്ണുരോഗങ്ങൾ, അലർജികൾ, ത്വക്രോഗങ്ങൾ, ചെറിച്ചിൽ, അണുബാധ, സ്‌കാബീസ് (വരട്ടുചൊറി) എന്നിവ കൂടാൻ സാധ്യതയുണ്ട്.
About Writer
WEBDUNIA
അടുത്ത ലേഖനം
സ്ത്രീകള്‍ തെരുവിലിറങ്ങും; വനിതാ സംവരണത്തില്‍ രാജവ്യാപക പ്രതിഷേധത്തിനൊരുങ്ങി ബിജെപി