WEBDUNIA|
Last Modified ശനി, 18 ഏപ്രില്‍ 2026 (11:30 IST)
Kerala Weather: രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയങ്ങളിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിനാൽ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. തുടർച്ചയായി വെയിലേറ്റാൽ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്. സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. നേരിട്ട് വെയിലേൽക്കുന്ന ജോലി ചെയ്യുന്നവർ ജോലി സമയം പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമായി ക്രമീകരിക്കണം.
ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നതിന് എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഒരു ഹീറ്റ് ഹെൽത്ത് ആക്ഷൻ പ്ലാൻ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഈ ക്ലിനിക്കുകളിൽ കൂളിംഗ് ഉപകരണങ്ങളുടേയും മരുന്നുകളുടേയും ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
സൂര്യപ്രകാശത്തിലെ ഒരു ഘടകമാണ് അൾട്രാവയലറ്റ് (യുവി) രശ്മികൾ. യുവി രശ്മികൾ അധികമായി നേരിട്ട് ശരീരത്തിൽ ഏൽക്കുമ്പോൾ പലവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാം. ഇത് ചർമ്മ, നേത്ര സംബന്ധമായ പ്രശ്‌നങ്ങൾക്കും കാരണമാകാം. കോശങ്ങളുടെ ഡിഎൻഎ നശിപ്പിച്ച് രോഗങ്ങൾക്കും കാൻസറിനും കാരണമായേക്കാം. ചർമ്മത്തിന്റെ നിറം മാറ്റം, ചർമ്മത്തിലെ ചുളിവ് തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ടാക്കും. അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിന്റെ പ്രതിരോധ ശേഷിയേയും ബാധിക്കാം. വെയിലിന്റെ കാഠിന്യമുള്ള രാവിലെ 11 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കുക. പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ്, സൺസ്‌ക്രീൻ എന്നിവ ഉപയോഗിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
ശരീരത്തിൽ നിന്നും അമിതമായ ജല നഷ്ടത്തിലൂടെ നിർജലീകരണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. വീട്ടിനുള്ളിലാണെങ്കിലും നിർജലീകരണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വെള്ളം കുടിക്കണം. കുഞ്ഞുങ്ങൾ, പ്രായമായവർ, രോഗികൾ എന്നിവരെ സംബന്ധിച്ച് വീട്ടിനുള്ളിൽ പോലും ഇതുണ്ടാകാം. അതിനാൽ ഇത്തരക്കാർ ജലാംശം ഉറപ്പാക്കുന്നതിന് ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്. വീട്ടിനുള്ളിൽ വായു സഞ്ചാരം ഉറപ്പാക്കുക. അമിതമായി മധുരം ചേർത്തതും കാർബണേറ്റഡ് പാനീയങ്ങളും വളരെ സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക. ഇവ നിർജലീകരണത്തിന് കാരണമാകാം.
പൊള്ളൽ, ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛർദിയും, അസാധരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് കുറയുക, മൂത്രം കടും നിറത്തിലാവുക, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ബോധക്ഷയം എന്നിവ ഉണ്ടായാൽ ശ്രദ്ധിക്കണം. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നവർ തണലിൽ മാറി വിശ്രമിച്ച് ധാരാളം വെള്ളം കുടിക്കണം. കട്ടികൂടിയതോ ചൂട് വർധിപ്പിക്കുന്നതോ ആയ വസ്ത്രങ്ങൾ ഒഴിവാക്കുക. തണുത്ത വെള്ളം കൊണ്ട് ദേഹം തുടയ്ക്കുക. കാറ്റ് കൊള്ളുക, വീശുകയോ ഫാനോ എ.സി.യോ ഉപയോഗിക്കുകയോ ചെയ്യുക. ഉടൻ ചികിത്സ തേടുക.
വളരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
· രാവിലെ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് കൂടുതൽ നേരം വെയിലേൽക്കരുത്.
· അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
· പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത്.
· ദാഹമില്ലെങ്കിലും ധാരാളം വെള്ളം ഇടയ്ക്കിടയ്ക്ക് കുടിക്കുക. യാത്രാ വേളയിൽ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലത്.
· തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ ഉപയോഗിക്കുക.
· കുട്ടികൾക്ക് ഇടയ്ക്കിടയ്ക്ക് വെള്ളം നൽകണം.
· ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.
· വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തൻ, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
· കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്
· വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ കുട്ടികളേയും പ്രായമായവരേയും ഇരുത്തിയിട്ട് പോകാതിരിക്കുക.
· ചൂടിന്റെ കാഠിന്യം കുറയ്ക്കാൻ പകൽ സമയത്ത് വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക.
· വൃത്തിയും ശുചിത്വവുമുള്ള സാഹചര്യങ്ങളിൽ സൂക്ഷിക്കുന്ന പാനീയങ്ങൾ മാത്രം ഉപയോഗിക്കുക.
· കടകളിലും ഹോട്ടലുകളിലും ജ്യൂസിൽ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം കൊണ്ടുണ്ടാക്കുന്നതാണെന്ന് ഉറപ്പ് വരുത്തണം