1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. HDFC Nari Nivesh Yatra

നിക്ഷേപ- സാമ്പത്തിക അവബോധം വളർത്താൻ നാരി നിവേശ് യാത്ര സംഘടിപ്പിച്ചു

പദ്ധതിയുടെ ഭാഗമായി രണ്ട് പ്രചാരണ വാഹനങ്ങൾ രാജ്യത്തിന്റെ രണ്ട് വ്യത്യസ്ത ദിശകളിലൂടെ സഞ്ചരിച്ച് നിരവധി നഗരങ്ങളും പട്ടണങ്ങളും സന്ദർശിക്കും

HDFC
സ്ത്രീകളിൽ നിക്ഷേപ- സാമ്പത്തിക അവബോധം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് എച്ച്.ഡി.എഫ്.സി. മ്യൂച്വൽ ഫണ്ട് നടത്തിയ നാരി നിവേശ് യാത്രയുടെ തൃശ്ശൂരിലെ പര്യടനം സമാപിച്ചു. ജൂൺ 26-ന് ചെന്നൈയിൽ നിന്നും ആരംഭിച്ച ഈ രാജ്യവ്യാപക നിക്ഷേപക വിദ്യാഭ്യാസ-അവബോധ പരിപാടിയുടെ ഭാഗമായി തൃശ്ശൂർ റൗണ്ട് മാർക്കറ്റ്, ശക്തൻ മാർക്കറ്റ്, പൂങ്കുന്നം മാർക്കറ്റ്, ഒല്ലൂർ മാർക്കറ്റ്, അയ്യന്തോൾ മാർക്കറ്റ്, കുര്യാച്ചിറ മാർക്കറ്റ് എന്നിവിടങ്ങളിലെ പ്രദേശവാസികളുമായി സംവാദം നടത്തി.
 
കുടുംബങ്ങളുടെ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിലും സമ്പത്ത് സൃഷ്ടിക്കുന്നതിലും സ്ത്രീകളുടെ പങ്ക് വർധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്തെ വിവിധ സമൂഹങ്ങളിലേക്ക് നേരിട്ട് നിക്ഷേപക വിദ്യാഭ്യാസം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആറുമാസം നീണ്ടുനിൽക്കുന്ന 'നാരി നിവേശ് യാത്ര' സംഘടിപ്പിച്ചത്.
 
പദ്ധതിയുടെ ഭാഗമായി രണ്ട് പ്രചാരണ വാഹനങ്ങൾ രാജ്യത്തിന്റെ രണ്ട് വ്യത്യസ്ത ദിശകളിലൂടെ സഞ്ചരിച്ച് നിരവധി നഗരങ്ങളും പട്ടണങ്ങളും സന്ദർശിക്കും. ഓരോ കേന്ദ്രങ്ങളിലും സമൂഹവുമായി നേരിട്ട് ഇടപഴകുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കും. തെരുവുനാടകങ്ങളും സംവേദനാത്മക നിക്ഷേപക ബോധവൽക്കരണ സെഷനുകളും മുഖേന സാമ്പത്തിക വിഷയങ്ങൾ ലളിതമായി വിശദീകരിക്കുകയും നിക്ഷേപത്തെക്കുറിച്ചുള്ള സംവാദങ്ങൾക്ക് പ്രചോദനമാവുകയും ചെയ്യും. വനിതകളുമായി നേരിട്ട് സംവദിക്കുകയെന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. രാജ്യത്തുടനീളം വനിതാ സ്വയംസഹായ സംഘങ്ങൾക്കായി 60 പ്രത്യേക ബോധവൽക്കരണ സെഷനുകളും സംഘടിപ്പിക്കും. 
 
ഇന്ത്യയിലെ കുടുംബങ്ങളിൽ സ്ത്രീകളാണ് ഏറ്റവും ചിട്ടയോടെ സമ്പാദ്യം സ്വരൂപിക്കുന്നവരിൽ പലരും. എന്നാൽ വ്യക്തിഗത സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള ശരിയായ സംവാദങ്ങൾ നടക്കാത്തതിനാൽ ചിട്ടയോടെയുള്ള നിക്ഷേപം പലർക്കും അകലെയാണെന്ന് എച്ച്.ഡി.എഫ്.സി. അസറ്റ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ നവ്‌നീത് മുനോട്ട് പറഞ്ഞു.
അടുത്ത ലേഖനം
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ കേരളം അനുവദിക്കില്ലെന്ന് മന്ത്രി മോന്‍സ് ജോസഫ്