ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍
അഡ്മിനിസ്‌ട്രേറ്റര്‍ ഒബി അരുണ്‍കുമാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ടെന്ന് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍. അഡ്മിനിസ്‌ട്രേറ്റര്‍ ഒബി അരുണ്‍കുമാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൃശ്ചികമാസ ഏകാദശിയിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹര്‍ജിയിലാണ് ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
ക്ഷേത്രത്തില്‍ നിലനിന്നിരുന്ന നിരവധി ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മുന്‍തന്ത്രി മാറ്റം വരുത്തിയിട്ടുണ്ടെന്നും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ഭക്തര്‍ക്ക് എല്ലാ സൗകര്യവും ഒരുക്കേണ്ടത് ദേവസ്വത്തിന്റെ നിയമപരമായ കടമയാണെന്നും ഇതിന്റെ ഭാഗമായാണ് തന്ത്രിയുടെ അനുവാദത്തോടെ ധനുമാസത്തിലേക്ക് മാറ്റിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
മുമ്പ് വിവാഹങ്ങള്‍ ധ്വജസ്തംഭത്തിന് സമീപത്തായിരുന്നു നടത്തിയിരുന്നത്. എന്നാല്‍ വിവാഹങ്ങളുടെ എണ്ണം കൂടിയതോടെ ഇത് പിന്നീട് ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റി. ചോറൂണ് സ്തംഭത്തിന് സമീപമായിരുന്നു നടത്തിയിരുന്നത്. ഇതും പിന്നീട് ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തേക്ക് മാറ്റിയെന്നും അഡ്മിനിസ്‌ട്രേറ്റര്‍ സുപ്രീംകോടതി അറിയിച്ചു.