രാജ്യത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ കേരളത്തിന്റെ പങ്ക് കരുത്തുറ്റതാണെന്ന് ഗവര്‍ണര്‍
രാജ്യത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ കേരളത്തിന്റെ പങ്ക് കരുത്തുറ്റതാണെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അടിസ്ഥാന സൗകര്യ വികസനത്തിലും കണക്റ്റിവിറ്റിയിലും കേരളം വലിയ പുരോഗതി കൈവരിച്ചതായും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു ഗവര്‍ണര്‍.
ആരോഗ്യ രംഗത്തും സദ്ഭരണ സൂചികയിലും രാജ്യത്തെ മുന്‍നിര സംസ്ഥാനമാകാന്‍ കേരളത്തിനു കഴിഞ്ഞതായി ഗവര്‍ണര്‍ പറഞ്ഞു. നീതി ആയോഗിന്റെ ആരോഗ്യ സൂചകങ്ങളില്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും കേരളം ഒന്നാമതെത്തി. സദ്ഭരണ സൂചികയില്‍ രാജ്യത്തെ അഞ്ചാം സ്ഥാനവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാമതെത്തിയതും മികച്ച നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.