തെരഞ്ഞെടുപ്പ്: പ്രശ്‌നബാധിത ബൂത്തുകളില്‍ പോലീസിനെ നിര്‍ത്തില്ല

എ കെ ജെ അയ്യര്‍| Last Modified ഞായര്‍, 28 ഫെബ്രുവരി 2021 (18:48 IST)
തിരുവനന്തപുരം: അടുത്ത് നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രശ്‌നബാധിത ബൂത്തുകളില്‍ സംസ്ഥാന പോലീസിന്റെ സേവനം ഒഴിവാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഈ ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിക്കും. ഏതെങ്കിലും തരത്തിലുള്ള കള്ളവോട്ട് ഉണ്ടായാല്‍ അതിനെതിരെ പോളിങ് ഓഫീസര്‍മാര്‍ ശക്തമായ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ അറിയിപ്പ് പ്രകാരം വോട്ടെടുപ്പ് രാവിലെ ഏഴു മണിമുതല്‍ വൈകിട്ട് ഏഴുമണി വരെയാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ വോട്ടെടുപ്പ് വൈകിട്ട് ആറു
മണിയോടെ അവസാനിക്കും. നിലവില്‍ പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലായി 298 നക്‌സല്‍ ബാധിത ബൂത്തുകളാണുള്ളത്. ഈ നക്‌സല്‍ ബാധിത ബൂത്തുകളിലും സംസ്ഥാന പൊലീസിന് പകരം കേന്ദ്ര സേനയാവും ഉണ്ടാവുക.

സംസ്ഥാനത്തൊട്ടാകെ 549 ക്രിട്ടിക്കല്‍ ബൂത്തുകളും 433 വള്‍നറബില്‍ ബൂത്തുകളുമാണുള്ളത്. സുരക്ഷാ മുന്‍നിര്‍ത്തി 50 ശതമാനം ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തും. സുരക്ഷയ്ക്കായി 150 കമ്പനി കേന്ദ്രസേനയെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ബി.എസ്.എഫിന്റെ പതിനഞ്ചു കമ്പനി സേന എത്തിയിട്ടുണ്ട്. ഇതിനൊപ്പം ഐ.ടി.ബി.പി, എസ്.എസ് .ബി, കേന്ദ്ര വ്യവസായ സുരക്ഷാ സേന എന്നിവയുടെ അഞ്ചു വീതം കമ്പനികളും എത്തിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :