വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ആൾ പാറക്കെട്ടിൽ നിന്ന് വീണു മരിച്ചു

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 24 ജനുവരി 2023 (16:36 IST)
പാലക്കാട്: മലമ്പുഴയ്ക്കടുത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഊട്ടി സ്വദേശി പാറക്കെട്ടിൽ നിന്ന് വീണു മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഊട്ടി കൂനൂർ സ്വദേശി മൂർത്തിയുടെ മകൻ അജയകുമാർ (18) ആനയ്ക്കൽ കവരക്കുണ്ട് മുത്താരംകുന്ന് കല്ലമ്പുഴയിലെ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങവേ അപകടത്തിൽ പെട്ട് മരിച്ചത്.


വനയോര മേഖലയിലെ ഈ വെള്ളച്ചാട്ടത്തിൽ കോയമ്പത്തൂർ ബൈക്ക് റൈഡേഴ്‌സ് കൂട്ടാമായിലെ ഒമ്പതംഗ സംഘത്തോടൊപ്പമാണ് അജയകുമാറും എത്തിയത്. പാറക്കെട്ടിൽ നിന്ന് കാൽ വഴുതിയാണ് ഇയാൾ ആഴത്തിലേക്ക് വീണത്.


സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് കഞ്ചിക്കോട്ടുള്ള അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം കണ്ടെത്തിയത്‌. വീഴ്ചയിൽ പാറക്കെട്ടിൽ തലയിടിച്ചു എന്നാണു സംശയം. പോലീസ് കേസെടുത്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :