എ കെ ജെ അയ്യര്‍|
Last Modified ബുധന്‍, 18 ജനുവരി 2023 (14:33 IST)
തിരുവനന്തപുരം: അറുപത്തിരണ്ടുകാരനായ ഗൃഹനാഥനെ സുഹൃത്തിന്റെ വീട്ടിന്റെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്തിൽ ദുരൂഹത. പോത്തൻകോട് ആനന്ദേശ്വരം ചെറുവെട്ടിക്കോണത്തു ജയൻ എന്ന ജയചന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ചെവിയിൽ നിന്ന് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ജയചന്ദ്രൻ സുഹൃത്ത് സതീഷുമായി ഒത്തുകൂടി മദ്യപിക്കാറുണ്ടായിരുന്നു എന്നാണു പോലീസ് പറയുന്നത്. ഞായറാഴ്ച രാത്രി എട്ടരയോടെ മറ്റൊരു സുഹൃത്തുമായി ജയചന്ദ്രൻ ഇവിടെയെത്തി മദ്യപിച്ചിരുന്നു. എന്നാൽ മദ്യപാനത്തിന് ശേഷം വീട്ടുടമയായ സതീഷ് വീട്ടിനുള്ളിൽ പോയി ഉറങ്ങാൻ കിടന്നു.
രാവിലെ സതീഷ് നോക്കുമ്പോൾ ജയചന്ദ്രൻ ഉറങ്ങുകയാണെന്നാണ് കരുതിയത്. പിന്നീട് ഇയാളുടെ മുഖത്ത് വെള്ളം തളിച്ചശേഷം അടുത്തുള്ള ചായക്കടയിൽ ചായകുടിക്കാൻ പോയി. ഇതിനിടെ ഇവർക്കൊപ്പം മദ്യപിക്കാൻ എത്തിയ സമീപത്തെ താമസക്കാരനും ജയചന്ദ്രൻ വരാന്തയിൽ കിടന്നു ഉറങ്ങുന്നത് കണ്ടു. എന്നാൽ മരിച്ചെന്നു സംശയം തോന്നിയതോടെ ആളുകളെ കൂട്ടുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
പോലീസ് എത്തി അസ്വാഭാവിക മരണത്തിനു കേസെടുത്തു പോസ്റ്റുമോർട്ടം നടത്തിച്ചു മൃതദേഹം സംസ്കരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നു നിഗമനത്തിൽ പോലീസ് വിശദമായ അന്വേഷണം തുടങ്ങി എന്നാണറിയുന്നത്.