രേണുക വേണു|
Last Modified തിങ്കള്‍, 19 ജനുവരി 2026 (19:23 IST)
മുഖ്യമന്ത്രിയുടെ 'കണക്ട് ടു വര്‍ക്ക്' പദ്ധതിയുടെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പദ്ധതിയുടെ ഭാഗമായി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവരുടെ കുടുംബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയരുതെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അപേക്ഷകര്‍ കേരളത്തിലെ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷ സമര്‍പ്പിക്കുന്ന തീയതിയില്‍ 18 വയസ് പൂര്‍ത്തിയായവരും 30 വയസ് കവിയാത്തവരുമാണ് അര്‍ഹര്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, അവയുടെ അനുബന്ധ സ്ഥാപനങ്ങള്‍, രാജ്യത്തെ അംഗീകൃത സര്‍വകലാശാലകള്‍, ഡീംഡ് സര്‍വകലാശാലകള്‍, നിലവില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നൈപുണ്യ പരിശീലനം നടത്തുന്നവര്‍ക്കും, യു.പി.എസ്.സി., സംസ്ഥാന പി.എസ്.സി., സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ്, കര, നാവിക, വ്യോമസേന, ബാങ്ക്, റെയില്‍വേ ഉള്‍പ്പെടെയുള്ള വിവിധ കേന്ദ്ര-സംസ്ഥാന റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ നടത്തുന്ന മത്സര പരീക്ഷകള്‍ക്ക് അപേക്ഷ നല്‍കി തയ്യാറെടുക്കുന്നവര്‍ക്കുമാണ് പദ്ധതിയില്‍ അപേക്ഷിക്കാനുള്ള അര്‍ഹത.
യോഗ്യത നേടിയ അപേക്ഷകരില്‍ ആദ്യത്തെ അഞ്ച് ലക്ഷം പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കും. യുവാക്കളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും പഠനോത്സാഹം നിലനിര്‍ത്തുകയും നൈപുണ്യ വികസനത്തിലൂടെ തൊഴില്‍ സാധ്യതകള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സര്‍ക്കാരിന്റെ എംപ്ലോയ്‌മെന്റ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതിയിലേക്ക് eemployment.kerala.gov.in എന്ന വെബ്‌പോര്‍ട്ടല്‍ മുഖേന അപേക്ഷകള്‍ സമര്‍പ്പിക്കാം. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (DBT) സംവിധാനം വഴി സ്‌കോളര്‍ഷിപ്പ് തുക നേരിട്ട് അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വിതരണം ചെയ്യും. പ്രതിമാസം ആയിരം രൂപ വീതം 12 മാസത്തേക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിച്ചിരിക്കുന്നത്.