രേണുക വേണു|
Last Modified ശനി, 3 ജനുവരി 2026 (08:34 IST)
തിരുവനന്തപുരം ജില്ലയില്‍ ബിജെപി കണ്ണുവയ്ക്കുന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ ശക്തമായ പോരാട്ടത്തിനൊരുങ്ങി എല്‍ഡിഎഫ്. മൂന്നിടത്തേക്കുമുള്ള സ്ഥാനാര്‍ഥികളെ എല്‍ഡിഎഫ് തീരുമാനിച്ചുകഴിഞ്ഞു. ഒരുകാരണവശാലും സംസ്ഥാനത്ത് താമര വിരിയരുതെന്നാണ് എല്‍ഡിഎഫ് തീരുമാനം. അതിനായി പ്രത്യേക പ്രചരണ പരിപാടികളും ആവിഷ്‌കരിക്കുന്നുണ്ട്.
വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം എന്നീ മൂന്ന് മണ്ഡലങ്ങളിലാണ് ബിജെപി കണ്ണുവയ്ക്കുന്നത്. മൂന്നിടത്തും നിലവില്‍ എല്‍ഡിഎഫ് എംഎല്‍എമാരാണ്. സിറ്റിങ് എംഎല്‍എമാര്‍ തന്നെ വീണ്ടും മത്സരിക്കാനാണ് എല്‍ഡിഎഫ് തീരുമാനം. വട്ടിയൂര്‍ക്കാവില്‍ വി.കെ.പ്രശാന്തും നേമത്ത് വി.ശിവന്‍കുട്ടിയും കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനും മത്സരിക്കും. മണ്ഡലത്തില്‍ വലിയ സ്വാധീനമുള്ളവരാണ് മൂന്ന് പേരും.
ബിജെപിക്കായി നേമത്ത് മത്സരിക്കുക സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആയിരിക്കും. വട്ടിയൂര്‍ക്കാവില്‍ ആര്‍.ശ്രീലേഖയും കഴക്കൂട്ടത്ത് വി.മുരളീധരനും സ്ഥാനാര്‍ഥികളാകും. അതേസമയം ഈ മൂന്ന് സീറ്റിലും ആരെ മത്സരിപ്പിക്കുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ധാരണയായിട്ടില്ല. പല മുതിര്‍ന്ന നേതാക്കള്‍ക്കും ഈ മൂന്ന് മണ്ഡലങ്ങളിലും മത്സരിക്കുന്നതിനോടു താല്‍പര്യക്കുറവുണ്ട്. മൂന്നിടത്തും കോണ്‍ഗ്രസിനു സാധ്യതയില്ലെന്നാണ് ഇവരുടെ വിലയിരുത്തല്‍. എന്നാല്‍ ദുര്‍ബലരായ ഏതെങ്കിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍ ബിജെപിയുമായി വോട്ട് കച്ചവടമെന്ന ആരോപണവും ഉയരും. വട്ടിയൂര്‍ക്കാവില്‍ കെ.എസ്.ശബരിനാഥനും കഴക്കൂട്ടത്ത് കെ.മുരളീധരനും മത്സരിക്കാനാണ് സാധ്യത. നേമത്ത് മത്സരിക്കാന്‍ കോണ്‍ഗ്രസില്‍ ഇതുവരെ മുതിര്‍ന്ന നേതാക്കളൊന്നും തയ്യാറായിട്ടില്ലെന്നാണ് വിവരം.