ബാര്‍കോഴയില്‍ സത്യം തെളിഞ്ഞിരുന്നില്ലേയെന്ന് ജേക്കബ് തോമസ്

കോഴിക്കോട്| JOYS JOY| Last Modified വെള്ളി, 30 ഒക്‌ടോബര്‍ 2015 (17:14 IST)
ബാര്‍കോഴ കേസിലെ വിവാദങ്ങള്‍ അറിഞ്ഞില്ലെന്ന് ജേക്കബ് തോമസ്. ബാര്‍കോഴ കേസില്‍ സത്യം തെളിഞ്ഞിരുന്നില്ലേയെന്നും ജേക്കബ് തോമസ് ചോദിച്ചു. കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് മാനേജ്‌മെന്റില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തതിനു ശേഷം പുറത്തിറങ്ങിയപ്പോഴാണ് തന്നെ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഇങ്ങനെ മറുപടി നല്കിയത്.

ബാര്‍കോഴയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അറിഞ്ഞില്ല. വിജിലന്‍സുമായി ബന്ധമില്ലാത്ത ആള് ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടതില്ലെന്നാണ് പറഞ്ഞത്. അന്വേഷണം നടക്കുന്ന സമയത്ത് താന്‍ വിജിലന്‍സില്‍ ജോലി ചെയ്തിട്ടില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.

ബാര്‍കോഴ കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച വിജിലന്‍സ് കോടതി പുറപ്പെടുവിച്ച വിധിന്യായം വായിച്ചിട്ടില്ല. അതേസമയം, ബാര്‍കോഴ കേസില്‍ സത്യം തെളിയുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സത്യമേവ ജയതേ എന്നായിരുന്നു ജേക്കബ് തോമസിന്റെ മറുപടി. കേസില്‍ സത്യം തെളിഞ്ഞിരുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി പറയാതിരിക്കാന്‍ സെല്ലോടോപ്പുമായാണ് താന്‍ നടക്കുന്നതെന്നും
അദ്ദേഹം പറഞ്ഞു. വിന്‍സന്‍ എം പോള്‍ തന്റെ ആത്മാര്‍ത്ഥസുഹൃത്താണെന്നും അദ്ദേഹം വളരെ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും ചോദ്യത്തിന് മറുപടിയായി ജേക്കബ് തോമസ് പറഞ്ഞു. ഇങ്ങനെയൊരു സാഹചര്യത്തില്‍ അദ്ദേഹത്തിന് പിരിഞ്ഞു പോകേണ്ടി വന്നതില്‍ വിഷമമുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :