മാണി അപ്പീൽ നൽകേണ്ടത് കോഴ വാങ്ങിയ പണം ഉപയോഗിച്ച്: വിഎസ്

വിഎസ് അച്യുതാനന്ദൻ , ബാർ കോഴക്കേസ് , കെ എം മാണി , വിജിലന്‍സ് കോടതി
തിരുവനന്തപുരം| jibin| Last Modified വെള്ളി, 30 ഒക്‌ടോബര്‍ 2015 (12:15 IST)
ബാർ കോഴക്കേസിൽ ധനമന്ത്രി കെഎം മാണിക്കെതിരെ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ മാണിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ.

സർക്കാർ ഖജനാവിലെ പണം കൊണ്ട് മാണി ബാർ കോഴക്കേസിൽ വിജിലൻസ് കോടതി വിധിക്കെതിരെ മാണി അപ്പീലിന് പോകുന്നത് മര്യാദയല്ല. ബാറുടമകളിൽ നിന്ന് കോഴ വാങ്ങിയ പണം കൊണ്ടാണ് മാണി അപ്പീൽ നൽകേണ്ടതെന്നും വി എസ് പറഞ്ഞു.

ബാര്‍ കേഴക്കെസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ ഉടന്‍ തന്നെ മാണി രാജിവെക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍ ഇന്നലെ പറഞ്ഞിരുന്നു. വിജിലന്‍സ് കോടതിക്കു പൂര്‍ണ ബോധ്യമുള്ളതിനാലാണ് ഉത്തരവ്. അതിനാല്‍ അദ്ദേഹത്തിനു അഭിമാനബോധമുണ്ടെങ്കില്‍ രാജിവയ്ക്കുകയാണ് വേണ്ടതെന്നും വിഎസ് കോടതി വിധി വന്നശേഷം ആവശ്യപ്പെട്ടു.

അതേസമയം, മാണിക്കെതിരായ ആരോപണങ്ങള്‍ ശരിവച്ചു വിജിലന്‍സ് കോടതി പുറപ്പെടുവിച്ച വിധിക്കെതിരേ വിജിലന്‍സ് വകുപ്പ് ഇന്നു പുനപരിശോധനാ ഹര്‍ജി നല്‍കില്ല. പകരം വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിനെതിരായ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് റിവിഷന്‍ ഹര്‍ജിയാകും സമര്‍പ്പിക്കുക.


എന്നാല്‍, തിരക്കിട്ടു റിവ്യൂ ഹര്‍ജി നല്‍കേണ്ടെന്നു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് തീരുമാനം മാറ്റിയത്. ഹര്‍ജി തിടുക്കത്തില്‍ സമര്‍പ്പിക്കേണ്ടായെന്നും സര്‍ക്കാരിനു നിയമോപദേശം ലഭിച്ചിട്ടുണ്ട്. മാണിക്കായി സര്‍ക്കാരും അപ്പീല്‍ നല്‍കില്ല. നേരത്തെ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അഡ്വക്കേറ്റ് ജനറല്‍ കെപി ദണ്ഡപാണിയും തമ്മില്‍ ആലുവായില്‍ ചര്‍ച്ച നടത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :