തിരുവനന്തപുരം|
jibin|
Last Updated:
വെള്ളി, 30 ഒക്‌ടോബര്‍ 2015 (13:39 IST)
ബാര്‍ കോഴക്കേസില്‍ വിന്‍സന്‍ എം പോളിനെ ന്യായീകരിച്ചു ഡിജിപി ടിപി സെന്‍കുമാര്‍ രംഗത്ത്. ബാര്‍ക്കോഴ കേസ് ഒരിക്കലും ജേക്കബ് തോമസ് അന്വേഷിച്ചിട്ടില്ല. തന്നെ ബാര്‍ക്കോഴ കേസില്‍ നിന്നും ഒഴിവാക്കിയതായി ജേക്കബ് തോമസ് പറയുന്നതു മറ്റേതെങ്കിലും കാരണങ്ങള്‍ കൊണ്ടായിരിക്കുമെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. വിൻസൺ എം പോൾ സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. ബാർ കോഴക്കേസിൽ അദ്ദേഹത്തിന്റെത് സത്യസന്ധമായ ഇടപെടൽ മാത്രമായിരുന്നെന്നും ഡിജിപി പറഞ്ഞു. കേസില്‍ ഇടപെടുവാന്‍ മേലുദ്യോഗസ്ഥര്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജേക്കബ് തോമസിന്റെ പ്രസ്താവന കടുത്ത അച്ചടക്ക ലംഘനമാണെന്നും ഇക്കാര്യത്തില്‍ വിശദീകരണം നേടി നോട്ടീസ് നല്‍കിയതായും ചീഫ് സെക്രട്ടറി ജിജി തോംസണ്‍ വ്യക്തമാക്കി. രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. മാധ്യമങ്ങളോട് സംസാരിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഗുരുതരമായ ചട്ട ലംഘനം ജേക്കബ് തോമസ് നടത്തിയെന്നാണ് ചീഫ് സെക്രട്ടരി നല്‍കിയ നോട്ടീസില്‍ പറയുന്നത്
അതേസമയം, അച്ചടക്ക നടപടി സ്വീകരിച്ചാൽ അപ്പോൾ പ്രതികരിക്കാമെന്ന് ജേക്കബ് തോമസ് പ്രതികരിച്ചു.
ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ കോടതി പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്റ് എം പോള്‍ ഇന്നലെ സ്ഥാനമൊഴിഞ്ഞിരുന്നു. അതിനുപിന്നാലെ മാണിക്കെതിരെയുള്ള തുടരന്വേഷണ ഉത്തരവ് പുറത്തുവന്ന സാഹചര്യത്തില്‍ സത്യംജയിച്ചെന്ന് ഡിജിപി ജേക്കബ് തോമസ് പ്രതികരിച്ചിരുന്നു.