തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 30 ഒക്‌ടോബര്‍ 2015 (11:57 IST)
ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെഎം മാണിക്കെതിരായ ആരോപണങ്ങള്‍ ശരിവച്ചു വിജിലന്‍സ് കോടതി പുറപ്പെടുവിച്ച വിധിക്കെതിരേ വിജിലന്‍സ് വകുപ്പ് ഇന്നു പുനപരിശോധനാ ഹര്‍ജി നല്‍കില്ല. പകരം വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിനെതിരായ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് റിവിഷന്‍ ഹര്‍ജിയാകും സമര്‍പ്പിക്കുക.
എന്നാല്‍, തിരക്കിട്ടു റിവ്യൂ ഹര്‍ജി നല്‍കേണ്ടെന്നു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് തീരുമാനം മാറ്റിയത്. ഹര്‍ജി തിടുക്കത്തില്‍ സമര്‍പ്പിക്കേണ്ടായെന്നും സര്‍ക്കാരിനു നിയമോപദേശം ലഭിച്ചിട്ടുണ്ട്. മാണിക്കായി സര്‍ക്കാരും അപ്പീല്‍ നല്‍കില്ല. നേരത്തെ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയും തമ്മില്‍ ആലുവായില്‍ ചര്‍ച്ച നടത്തിയിരുന്നു.
അതേസമയം, ബാര്‍ കോഴക്കേസിലെ അന്വേഷണം എസ് പി ആര്‍ സുകേശനില്‍നിന്നു മാറ്റാന്‍ നീക്കം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി കേരള കോണ്‍ഗ്രസ് ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കോടതിയുടെ വിധിന്യായത്തില്‍ സുകേശനെത്തന്നെ അന്വേഷണം ഏല്‍പിക്കണമെന്നു പറയുന്നില്ലെന്നാണ് കേരള കോണ്‍ഗ്രസിന്റെ നിലപാട്. അന്വേഷണ ഉദ്യോഗസ്ഥനു ചുമതല നല്‍കണമെന്നു മാത്രമാണ് പറയുന്നത്, അതേ ഉദ്യോഗസ്ഥനു നല്‍കണമെന്നു പറയുന്നില്ലെന്നു കേരള കോണ്‍ഗ്രസ് വാദിക്കുന്നുണ്ട്.
അതേസമയം, ബാർ കോഴക്കേസിൽ കൈക്കൂലി ചോദിച്ചതിന് തെളിവില്ലെന്ന് ധനമന്ത്രി കെഎം മാണി രാവിലെ പറഞ്ഞു. താന്‍ കോഴ ആവശ്യപ്പെട്ടതിനോ വാങ്ങിയതിനോ തെളിവില്ല. ഇപ്പോള്‍ പാർട്ടി ഉന്നതാധികാര സമിതി ചേരേണ്ട സാഹചര്യമില്ല. ആവശ്യമുള്ളപ്പോൾ ചെയര്‍മാന്‍ യോഗം വിളിച്ചു ചേര്‍ക്കുമെന്നും മാണി പാലായില്‍ പറഞ്ഞു. ഉന്നതാധികാര യോഗം ഉടൻ വിളിച്ചുചേർക്കണമെന്ന മുന്‍ എംഎല്‍എയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായി പിസി ജോസഫിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.