വിജിലന്‍സ് ഡയറക്‌ടര്‍ മാറി നില്‍ക്കേണ്ട സാഹചര്യമില്ലെന്ന് ആഭ്യന്തരമന്ത്രി

കണ്ണൂര്‍| JOYS JOY| Last Modified വെള്ളി, 30 ഒക്‌ടോബര്‍ 2015 (13:31 IST)
ബാര്‍കോഴ കേസിലെ കോടതിവിധിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്‌ടര്‍ വിന്‍സന്‍ എം പോള്‍ മാറി നില്‍ക്കേണ്ട കാര്യമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിന്‍സണ്‍ എം പോളിനെ പോലെ വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥര്‍ ചുരുക്കമാണ്. നിലവില്‍ വിന്‍സന്‍ എം പോള്‍ മാറി നില്‍ക്കേണ്ട സാഹചര്യമില്ല. വിജിലന്‍സ് അന്വേഷിക്കുന്ന കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അഭിപ്രായം പറയാം. ബാഹ്യസമ്മര്‍ദങ്ങള്‍ക്ക് അദ്ദേഹം വഴങ്ങിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

തുടരന്വേഷണത്തിന്റെ പേരില്‍ മാണി രാജിവെക്കേണ്ട ആവശ്യമില്ല. മാണിസാര്‍ മാറി നില്‍ക്കേണ്ട ഒരു സാഹചര്യവുമില്ല. ധാര്‍മ്മികത ഓരോ വ്യക്തിയെയും ആശ്രയിച്ചിരിക്കുന്ന കാര്യമാണ്. വിജിലന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിജിലന്‍സിന്റെ നിലനില്‍പ്പിനെ തന്നെ
ചോദ്യം ചെയ്യുന്നതാണ് കോടതിവിധി. കോടതിവിധി ആശയക്കുഴപ്പം ഉണ്ടാക്കി. അതിനായി നിയമപരമായി എന്ത് ചെയ്യാന്‍ കഴിയും എന്ന് പരിശോധിച്ചു വരുകയാണെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :