സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് അശ്വ (AടVA); ലൗഡേലില്‍ പ്രഖ്യാപനം

രാജ്യവ്യാപകമായി ഒരു 'ഹബ്ബ്-നോഡ്' ശൃംഖലയിലൂടെയാണ് പദ്ധതി നടപ്പിലാക്കുക

ASVA
രേണുക വേണു| Last Modified ഞായര്‍, 1 ഫെബ്രുവരി 2026 (08:01 IST)
ൾ വിദ്യാഭ്യാസ മേഖലയിലെ നൂതന കൂട്ടായ്മയായ 'അശ്വ’ യുടെ (ASVA) ഉദ്ഘാടനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ സെക്രട്ടറി സഞ്ജയ് കുമാർ ഐ.എ.എസ് നിർവഹിക്കുന്നു. നീരജ് സക്സേന (ജെ.ഇ യൂണിവേഴ്സിറ്റി), അമിത് ചൗധരി (കെ.പി.എം.ജി), ഡി.വി.എസ് റാവു (ലോറൻസ് സ്കൂൾ), ഡോ. വി.എസ

കൊച്ചി: ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ നവീനമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ള 'അശ്വ' (അഡ്വാന്‍സ്ഡ് സ്‌കൂള്‍സ് വിഷന്‍ അലയന്‍സ് - AടVA) ദേശീയതലത്തില്‍ ലോഞ്ച് ചെയ്തു. ഊട്ടിയിലെ പ്രശസ്തമായ ദ ലോറന്‍സ് സ്‌കൂള്‍, ലൗഡേലില്‍ വ്യാഴാഴ്ച നടന്ന ചടങ്ങില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ സെക്രട്ടറി സഞ്ജയ് കുമാര്‍ ഐ.എ.എസ് പദ്ധതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു.

ഭാരതീയ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആര്‍.ഒ) മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍ മുഖ്യ രക്ഷാധികാരിയായും, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ശില്‍പി ഡോ. കെ. കസ്തൂരിരംഗന്‍ മുഖ്യ ഉപദേശകനായും പ്രവര്‍ത്തിച്ചിരുന്ന ഈ പദ്ധതിയില്‍ മലയാളികളുടെ വലിയൊരു നിര തന്നെ അണിനിരക്കുന്നുണ്ട്. അഞ്ഞൂറിലധികം വരുന്ന മുതിര്‍ന്ന അക്കാദമിക് വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയാണ് അശ്വയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

കാലാവസ്ഥാ ലാബ് ഉദ്ഘാടനം ചെയ്തു

പദ്ധതിയുടെ ഭാഗമായി ഐ.ഐ.എസ്.സി (IISc) ഡീനും ഡൈവേച്ച സെന്റര്‍ ഫോര്‍ ക്ലൈമറ്റ് ചേഞ്ച് ചെയര്‍മാനുമായ ഡോ. എസ്.കെ. സതീഷ് ലോറന്‍സ് സ്‌കൂള്‍ കാമ്പസില്‍ അത്യാധുനിക കാലാവസ്ഥാ ലബോറട്ടറി ഉദ്ഘാടനം ചെയ്തു. കേവലം പുസ്തക പഠനത്തിനപ്പുറം പ്രായോഗികമായ ഗവേഷണങ്ങളിലൂടെയും അന്വേഷണങ്ങളിലൂടെയും വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നുനല്‍കുക എന്നതാണ് അശ്വ ലക്ഷ്യമിടുന്നത്.

ഹബ്ബ്-നോഡ് മാതൃകയിലൂടെ വിപ്ലവം

രാജ്യവ്യാപകമായി ഒരു 'ഹബ്ബ്-നോഡ്' ശൃംഖലയിലൂടെയാണ് പദ്ധതി നടപ്പിലാക്കുക. തിരഞ്ഞെടുത്ത സ്‌കൂളുകള്‍ ഹബ്ബ് സ്‌കൂളുകളായി പ്രവര്‍ത്തിക്കുകയും, ആ പ്രദേശത്തെ മറ്റ് സ്‌കൂളുകള്‍ക്ക് (നോഡ് സ്‌കൂളുകള്‍) സാങ്കേതിക വിദ്യയും അധ്യാപന പരിശീലനവും ഗവേഷണ സൗകര്യങ്ങളും പങ്കുവെക്കുകയും ചെയ്യും. ഇതിലൂടെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികളിലേക്കും എത്തിക്കാന്‍ സാധിക്കും.
വികസിത ഭാരതം: ലക്ഷ്യം പുതിയ തലമുറ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച്, ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും വിദ്യാലയങ്ങളുമായി നേരിട്ട് സംവദിക്കാന്‍ അവസരമൊരുക്കുന്നതിലൂടെ 'വികസിത ഭാരതം' എന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം. കേവലം വിവരങ്ങള്‍ നല്‍കുന്നവരെന്നതിലുപരി അറിവിനെ ക്രിയാത്മകമായി ഉപയോഗിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന ഫെസിലിറ്റേറ്റര്‍മാരായി അധ്യാപകരെ മാറ്റിയെടുക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു.

കുതൂഹലത്തില്‍ നിന്ന് കാര്യക്ഷമതയിലേക്കും, അവിടെ നിന്ന് സര്‍ഗ്ഗാത്മകതയിലേക്കും അതുവഴി രാജ്യത്തിന് കരുത്താകുന്ന സംഭാവനകളിലേക്കും കുട്ടികളെ വളര്‍ത്തുക എന്നതാണ് അശ്വയുടെ ദര്‍ശനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :