A Jayashankar Supports M Swaraj: കല്യാണത്തിനും നൂലുകെട്ടിനും പോകുന്ന എംഎല്‍എയെ ആണോ വേണ്ടത്, കാര്യങ്ങള്‍ പഠിച്ച് നിയമസഭയില്‍ അവതരിപ്പിക്കുന്ന സ്വരാജിനെയോ?; നിലമ്പൂരുകാരോട് ജയശങ്കര്‍

A Jayashankar Supports M Swaraj: "പക്ഷേ സ്വരാജിന്റെ ഒരു പ്രശ്‌നം എന്താണെന്നു വെച്ചാല്‍ പുള്ളി കല്യാണത്തിനും പോകില്ല, അടിയന്തരത്തിലും പോകില്ല, ചാത്തത്തിനും പോകില്ല, നൂലുകെട്ടിനും പോകില്ല,"

Nilambur By Election, M Swaraj, Adv A Jayashankar Supports M Swaraj, Jayashankar Supports M Swaraj, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്, എ.ജയശങ്കര്‍, എം.സ്വരാജ്, നിലമ്പൂരില്‍ സ്വരാജ് ജയിക്കും
Kochi| രേണുക വേണു| Last Modified ചൊവ്വ, 17 ജൂണ്‍ 2025 (10:27 IST)
A Jayashankar and M Swaraj

സിപിഎമ്മിന്റെ കടുത്ത വിമര്‍ശകനാണ് അഡ്വക്കേറ്റ് എ.ജയശങ്കര്‍. സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കുന്ന ജയശങ്കര്‍ ഇപ്പോള്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് പരിണിതപ്രജ്ഞനും കാര്യങ്ങള്‍ പഠിച്ചു അവതരിപ്പിക്കുന്ന നേതാവുമാണെന്ന് ജയശങ്കര്‍ പറഞ്ഞു. കല്യാണത്തിനും നൂലുകെട്ടിനും പോകാത്തതുകൊണ്ടാണ് തൃപ്പൂണിത്തുറയിലെ വോട്ടര്‍മാര്‍ 2021 ല്‍ സ്വരാജിനെ തോല്‍പ്പിച്ചതെന്നും ജയശങ്കര്‍ പറയുന്നു.

' ഇത്രയും പരിണിതപ്രജ്ഞനായ, ഇത്രയും വാക്ചാതുര്യമുള്ള, തന്റേടമുള്ള എം.സ്വരാജിനെ എന്തുകൊണ്ടാണ് തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതെന്ന് ആളുകള്‍ സംശയിക്കും. അല്ലെങ്കില്‍ എന്താണ് അദ്ദേഹത്തിനു തൃപ്പൂണിത്തുറയില്‍ സംഭവിച്ചത്. 2016 ല്‍ തൃപ്പൂണിത്തുറയില്‍ സ്വരാജ് മത്സരിച്ചു, അദ്ദേഹം ജയിച്ചു. സ്വരാജ് ജയിച്ച ശേഷം, അതുവരെ തൃപ്പൂണിത്തുറ മണ്ഡലം പൊളിഞ്ഞു പാളീസായി കിടക്കുകയായിരുന്നു. തൃപ്പൂണിത്തുറയിലൂടെ പോയാല്‍ നടുവിന്റെ ബോള്‍ട്ട് പോകും. എല്ലാ റോഡും പൊളിഞ്ഞു പപ്പടമായി കിടക്കുകയായിരുന്നു. സ്വരാജ് വന്നതിനു ശേഷം ഈ പൊളിഞ്ഞുപോയ റോഡ് മുഴുവന്‍ ടാറ് ചെയ്തു, സംഗതി ജോറായി. അവിടെ വികസന പ്രവര്‍ത്തനങ്ങള്‍ ധാരാളമായി നടന്നു. പൊതുവെ ആ മണ്ഡലമൊന്ന് നന്നായി തെളിഞ്ഞു എന്നു വേണമെങ്കില്‍ പറയാം,'

' പക്ഷേ സ്വരാജിന്റെ ഒരു പ്രശ്‌നം എന്താണെന്നു വെച്ചാല്‍ പുള്ളി കല്യാണത്തിനും പോകില്ല, അടിയന്തരത്തിലും പോകില്ല, ചാത്തത്തിനും പോകില്ല, നൂലുകെട്ടിനും പോകില്ല. മാത്രമല്ല ബിജെപി അനുഭാവികളായ കുറേ ആളുകളുടെ വോട്ട് കോണ്‍ഗ്രസിനു പോയി. അങ്ങനെയാണ് സ്വരാജ് 2021 ല്‍ തൃപ്പൂണിത്തുറയില്‍ തോറ്റു പോയത്. അദ്ദേഹം മോശക്കാരനായിട്ടല്ല, സ്വരാജ് നല്ലൊരു പാര്‍ലമെന്റേറിയന്‍ ആയിരുന്നു. കാര്യങ്ങള്‍ പഠിച്ചു അവതരിപ്പിക്കുന്ന ആളായിരുന്നു. പ്രതിപക്ഷ നേതാക്കള്‍ക്കു പോലും അദ്ദേഹത്തോടു ഉള്ളുകൊണ്ട് ഒരു മതിപ്പുണ്ടായിരുന്നു. പക്ഷേ ആളുകളെ കാണുമ്പോള്‍ തോളില്‍ കൈയിടുകയും കൈയില്‍ കയറി പിടിക്കുകയും കൊച്ചുവര്‍ത്താനം പറയുകയും കല്യാണത്തിനും നൂലുകെട്ടിനും പോകുകയും ചെയ്തില്ലെങ്കില്‍ ഇന്നത്തെ കാലത്ത് ആള്‍ക്കാര് വോട്ട് ചെയ്യില്ല. അങ്ങനെയാണ് തൃപ്പൂണിത്തുറയില്‍ കെ.ബാബു വീണ്ടും ജയിച്ചത്. വികസന പ്രവര്‍ത്തനത്തെക്കാള്‍ വലുത് ചാവടിയന്തരം ആണെന്ന് തൃപ്പൂണിത്തുറ തെളിയിച്ചു. നിലമ്പൂര് വോട്ടര്‍മാര്‍ വോട്ട് ചെയ്യുന്നതിനു മുന്‍പും വീണ്ടും ആലോചിക്കുക, നിങ്ങള്‍ക്ക് വീട്ടില് കല്യാണത്തിനും ചാവടിയന്തരത്തിനും നൂലുകെട്ടിനും വരുന്ന ഒരു എംഎല്‍എയെ ആണോ വേണ്ടത് അതോ കാര്യങ്ങള്‍ പഠിച്ച് നിയമസഭയില്‍ അവതരിപ്പിക്കുന്ന തന്റേടമുള്ള എംഎല്‍എയെ ആണോ വേണ്ടത്. ഈ ചോദ്യത്തിന്റെ ഉത്തരത്തില്‍ നിലമ്പൂരിന്റെ രാഷ്ട്രീയത്തിന്റെ വിലയിരുത്തല്‍ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.' ജയശങ്കര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :