രേണുക വേണു|
Last Updated:
വെള്ളി, 12 ഡിസംബര്‍ 2025 (15:28 IST)
നടി ആക്രമിക്കപ്പെട്ട കേസില്‍ ശിക്ഷാവിധി കാത്തിരിക്കുന്ന പ്രതികളില്‍ രണ്ട് പേര്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു. രണ്ടാം പ്രതി മാര്‍ട്ടിനും ആറാം പ്രതി പ്രദീപുമാണ് കോടതിയില്‍ വാദം നടക്കുന്നതിനിടെ പൊട്ടിക്കരഞ്ഞത്. ഭാര്യയും കുട്ടികളും ഉണ്ടെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും ആവശ്യപ്പെട്ട് ജഡ്ജിക്കു മുന്നില്‍ ഇവര്‍ കരയുകയായിരുന്നു.
നിരപരാധികളാണെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും എല്ലാ പ്രതികളും ആവശ്യപ്പെട്ടു. നാലാം പ്രതി വിജീഷ് തന്നെ കണ്ണൂര്‍ ജയിലിലേയ്ക്കു അയയ്ക്കണമെന്ന് കോടതിയോടു ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ട്.
എല്ലാ പ്രതികള്‍ക്കും പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഗൂഢാലോചന തെളിഞ്ഞാല്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. യഥാര്‍ഥ പ്രതി പള്‍സര്‍ സുനിയാണ്. എന്നാല്‍ മറ്റുള്ളവര്‍ കുറ്റകൃത്യത്തിന്റെ ഭാഗമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
വീട്ടില്‍ അമ്മ മാത്രമേയുള്ളൂ. അമ്മയെ താനാണ് സംരക്ഷിക്കുന്നത്. അതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്ന് പള്‍സര്‍ സുനി ആവശ്യപ്പെട്ടു. ക്രൂരമായ ബലാത്സംഗം നടക്കാത്തതിനാല്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷ നല്‍കരുതെന്നാണ് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.