അപകടത്തിൽ മരിച്ച സ്ത്രീയുടെ മാല മോഷ്ടിച്ച ആൾ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 6 ഏപ്രില്‍ 2022 (20:10 IST)
: വാഹന അപകടത്തിൽ മരിച്ച സ്ത്രീയുടെ സ്വർണ്ണമാല മോഷ്ടിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പാട്ടുകാവ് മാങ്കായിപ്പറമ്പിൽ അനിൽ കുമാർ എന്ന 46 കാരനാണ് പോലീസ് വലയിലായത്. കഴിഞ്ഞ മാർച്ച് മുപ്പതിന് ഉച്ചയോടെ ദേശീയാപാതയിൽ അമ്പാട്ടുകാവിൽ വച്ച് പത്തനംതിട്ട സ്വദേശി തുളസി എന്ന 65 കാരി നടന്നുപോകുമ്പോഴാണ് ലോറി ഇടിച്ചു മരിച്ചത്.

ഈ സമയം അതുവഴി കാറിൽ വന്ന അനിൽ കുമാർ പരുക്കേറ്റു കിടന്ന അവരെ ആശുപത്രിയിൽ കൊണ്ടുപോയി. അവർ ആശുപത്രിയിൽ വച്ച് മരിച്ചു. അതിനുശേഷം അവരുടെ മരണാനന്തര കർമ്മങ്ങൾക്കിടെ അവർ ധരിച്ചിരുന്ന മാല കാണാനില്ലെന്ന് ബന്ധുക്കൾ കണ്ടെത്തി പോലീസിൽ പരാതി നൽകി. സംശയം തോന്നി പോലീസ് ചോദ്യം ചെയ്തപ്പോൾ തുളസിയെ സഹായിക്കാനെത്തിയ അനിൽ കുമാർ, താൻ യാത്രാമധ്യേ മാല ഊരിയെടുത്തതായി സമ്മതിച്ചു.

ഇയാൾക്കൊപ്പം ഇവരെ ഇടിച്ചുവീഴ്ത്തിയ ശേഷം നിർത്താതെ പോയ ലോറിയുടെ ഡ്രൈവർ പൊയ്ക്കാട്ടുശേരി ചുണ്ടംതുരുത്തിൽ അഭിരാം എന്ന 22 കാരനെയും പോലീസ് പിടികൂടി. ഇൻസ്‌പെക്ടർ എൽ.അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :