സഞ്ജുവിനെ തരാം, അശ്വിനെയും ദുബെയേയും വേണമെന്ന് രാജസ്ഥാൻ, ട്രാൻസഫർ വിൻഡോ ചർച്ചകൾ സജീവം
Sanju Samson CSK AI generated
രവിചന്ദ്ര അശ്വിന്റെ അടുത്ത സുഹൃത്തായ പ്രസന്ന പങ്കുവെച്ച പോസ്റ്റിലൂടെയാണ് സഞ്ജു സാംസണ്‍ ഡീലിനെ പറ്റിയുള്ള വാര്‍ത്തകള്‍ പിന്നെയും സജീവമായിരിക്കുന്നത്. സഞ്ജു സാംസണെ ചെന്നൈ ടീമിലെത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും പകരമായി ശിവം ദുബെയേയും ആര്‍ അശ്വിനെയുമാണ് രാജസ്ഥാന്‍ റോയല്‍സ് ആവശ്യപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ട് ടൈം ബൗളറെന്ന സേവനം ദുബെയില്‍ നിന്നും ലഭിക്കുമെന്നതും വൈഭവ് സൂര്യവന്‍ഷി കൂടി എത്തിയതോടെ സഞ്ജുവിന്റെ ഓപ്പണിംഗ് സ്ഥാനത്തിന് ഭീഷണിവന്നതും ഈ വാര്‍ത്തകളോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
എം എസ് ധോനി ഐപിഎല്ലില്‍ കളി മതിയാക്കുകയാണെങ്കില്‍ താരമൂല്യമുള്ള മുഖം ചെന്നൈയ്ക്ക് ആവശ്യമായുണ്ട്. മലയാളി താരമായതിനാല്‍ സഞ്ജു ചെന്നൈ ആരാധകര്‍ക്കും പ്രിയപ്പെട്ടവനാണ്. കഴിഞ്ഞ സീസണില്‍ റുതുരാജിന് പരിക്കേറ്റതിനാല്‍ എം എസ് ധോനി തന്നെയാണ് ടീമിനെ നയിച്ചിരുന്നത്. സഞ്ജു ചെന്നൈയിലെത്തിയാല്‍ തന്നെ ബാറ്റിംഗ് പൊസിഷന്‍ ഏതാകുമെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തതയില്ല. അതേസമയം സഞ്ജുവിന് പകരം അശ്വിനെ നല്‍കാന്‍ മാത്രമെ ചെന്നൈ തയ്യാറാകുള്ളുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.