തോറ്റാൽ പ്ലേ ഓഫ് സാധ്യതകൾ വെള്ളത്തിലാവും, കൊൽക്കത്തയെ നേരിടുമ്പോൾ ആർസിബിക്ക് ചങ്കിടിപ്പ്
ഓപ്പണിംഗ് താരം ഫില്‍ സാല്‍ട്ടിന്റെ പരിക്കിന്റെ പശ്ചാത്തലത്തില്‍ പകരക്കാരനായെത്തിയ ജേക്കബ് ബേഥല്‍ മികവിലേക്കെത്താത്തതും മധ്യനിരയിലെ ബാറ്റിങ്ങിലെ പ്രശ്‌നങ്ങളുമാണ് ആര്‍സിബിയെ അലട്ടുന്നത്.
ഐപിഎല്ലിന്റെ ലീഗ് ഘട്ടം അവസാനത്തോടടുക്കുമ്പോള്‍ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ആര്‍സിബി ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണെങ്കിലും ഇന്ന് നടക്കുന്ന മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ആര്‍സിബിയുടെ പ്ലേ ഓഫ് സാധ്യതകള്‍ പരുങ്ങലിലാകും. അതേസമയം തുടര്‍ച്ചയായ 4 വിജയങ്ങള്‍ നേടി പ്ലേ ഓഫ് ഉറപ്പിക്കാനാണ് കൊല്‍ക്കത്തയുടെ ശ്രമം.
ഓപ്പണിംഗ് താരം ഫില്‍ സാല്‍ട്ടിന്റെ പരിക്കിന്റെ പശ്ചാത്തലത്തില്‍ പകരക്കാരനായെത്തിയ ജേക്കബ് ബേഥല്‍ മികവിലേക്കെത്താത്തതും മധ്യനിരയിലെ ബാറ്റിങ്ങിലെ പ്രശ്‌നങ്ങളുമാണ് ആര്‍സിബിയെ അലട്ടുന്നത്. ബൗളിങ്ങില്‍ ഭുവനേശ്വര്‍ കുമാര്‍ മികച്ചുനില്‍ക്കുമ്പോഴും ശക്തമായ പിന്തുണ നല്‍കാന്‍ ആര്‍സിബി ബൗളര്‍മാര്‍ക്ക് സാധിക്കുന്നില്ല. അതേസമയം കഴിഞ്ഞ മത്സരങ്ങളിലെല്ലാം വിജയിച്ചെത്തുന്ന കൊല്‍ക്കത്ത മികച്ച ആത്മവിശ്വാസത്തിലാണ്. ബൗളിംഗ് നിരയുടെ കരുത്തിനെയാണ് കൊല്‍ക്കത്ത വിശ്വാസമര്‍പ്പിക്കുന്നത്. ടോപ് ഓര്‍ഡറില്‍ ഫിന്‍ അലന്‍ ഫോമിലെത്തിയതും കൊല്‍ക്കത്തയ്ക്ക് വലിയ ആശ്വാസമാണ്.