1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Delhi capitals crush punjab kings to keep play off dreams alive

DC vs PBKS : പഞ്ചാബിന്റെ കാറ്റഴിച്ച് ഡല്‍ഹി, തുടര്‍ച്ചയായ നാലാം തോല്‍വി, പ്ലേ ഓഫ് സാധ്യതകള്‍ക്ക് കനത്ത തിരിച്ചടി

പഞ്ചാബ് ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 19 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യത്തിലെത്തിയത്.

Delhi Capitals,IPL Playoff, DC vs PBKS, IPL News
ഐപിഎല്ലിലെ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെ 3 വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. പഞ്ചാബ് ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 19 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യത്തിലെത്തിയത്. തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും മധ്യ ഓവറുകളില്‍ അക്ഷര്‍ പട്ടേല്‍, ഡേവിഡ് മില്ലര്‍, അശുതോഷ് ശര്‍മ എന്നിവരുടെ പ്രകടനങ്ങളാണ് ഡല്‍ഹിക്ക് വിജയം നേടികൊടുത്തത്.
 
ഐപിഎല്‍ ചരിത്രത്തില്‍ ഡല്‍ഹി പിന്തുടര്‍ന്ന് വിജയിക്കുന്ന ഏറ്റവും വലിയ വിജയലക്ഷ്യമാണിത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയുടെയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണെടുത്തത്. അവസാന ഓവറുകളില്‍ 8 പന്തില്‍ 21 റണ്‍സ് നേടിയ സൂര്യാന്‍ഷ് ഷെഡ്‌ജെയാണ് പഞ്ചാബ് സ്‌കോര്‍ 200 കടത്തിയത്.
 
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് തുടക്കത്തിലെ തന്നെ ഓപ്പണര്‍മാരായ കെ എല്‍ രാഹുലിനെയും അഭിഷേക് പോറലിനെയും നഷ്ടമായി. പവര്‍ പ്ലേയില്‍ 47ന് 3 എന്ന നിലയില്‍ ഒതുങ്ങിയെങ്കിലും അക്ഷര്‍ പട്ടേലും ഡേവിഡ് മില്ലറും ചേര്‍ന്ന് ഡല്‍ഹിയെ കരകയറ്റി. 34 പന്തില്‍ 64 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഇവര്‍ നേടിയത്. 30 പന്തില്‍ 56 റണ്‍സുമായി അക്ഷര്‍ മടങ്ങിയെങ്കിലും മില്ലര്‍ പോരാട്ടം തുടര്‍ന്നു. 28 പന്തില്‍ 51 റണ്‍സുമായി മില്ലര്‍ മടങ്ങിയെങ്കിലും അശുതോഷ് ശര്‍മയുടെ വെടിക്കെട്ട് പ്രകടനമാണ് ഡല്‍ഹിയെ വിജയത്തിലെത്തിച്ചത്.
 
 വിജയത്തോടെ 12 മത്സരങ്ങളില്‍ 10 പോയന്റുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യത നിലനിര്‍ത്തി. അതേസമയം തോല്‍വി വഴങ്ങിയ പഞ്ചാബ് 11 മത്സരങ്ങളില്‍ 13 പോയന്റുമായി നാലാം സ്ഥാനത്താണ്. ആദ്യ 7 കളികളില്‍ നിന്ന് 13 പോയന്റ് നേടിയ പഞ്ചാബ് ഒന്നാം സ്ഥാനത്ത് നിന്നാണ് നാലാം സ്ഥാനത്തേക്ക് വീണത്. ഇനി ശേഷിക്കുന്ന 3 മത്സരങ്ങളില്‍ 2 വിജയമാണ് പ്ലേ ഓഫ് ഉറപ്പിക്കാന്‍ പഞ്ചാബിന് ആവശ്യമുള്ളത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ആസ്തിയിൽ വിസ്മയിപ്പിച്ച് 'വിരുഷ്ക'; ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ സെലിബ്രിറ്റി ദമ്പതികൾ; ആകെ മൂല്യം 1300 കോടി കടന്നു