നീലാകാശം പോലുള്ള നീലക്കടലിന്റെ തിരമാലകളെ ഇളക്കി മറിച്ച് തോക്കിന്റെ ഉന്നം ഇരകളുടെ നേര്‍ക്ക് ചൂണ്ടി മോട്ടോര്‍ ബോട്ടുകളില്‍ വരുന്ന കടല്‍ക്കൊള്ളക്കാര്‍ എന്നും കപ്പല്‍ യാത്രകളിലെ പേടി സ്വപ്നമാണ്. ഒരു പക്ഷേ അതുകൊണ്ട് തന്നെയാവാം “ സൊമാലിയന്‍ പൈറേറ്റ്സ്“ എന്ന് കേള്‍ക്കുമ്പോള്‍ ഒരു നിമിഷം നെടുവീര്‍പ്പ് ഇടുന്നത്.
സൊമാലിയ, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ പട്ടിണിപ്പാവങ്ങളുടെ നാട്. ഒരു നേരത്തെ ആഹാരം ലഭിക്കാതെ ജന്തുക്കളും മനുഷ്യരും ജീവന് വെടിഞ്ഞ് മണ്ണിനോട് ഇഴുകി ചേരുന്ന നാട്. ഭരണ അരാജകത്വങ്ങള്‍ നിറഞ്ഞാടുന്ന ഒരു പ്രേതഭൂമിയെന്ന് വേണമെങ്കില്‍ പറയാം. ഇവിടെ നിന്നും കൊള്ളക്കാര്‍ ഉണ്ടാകുന്നത് സ്വഭാവികമായ കാര്യമാണ്. പക്ഷേ അത് ലോകരാഷ്ട്രങ്ങള്‍ക്ക് തന്നെ വെല്ലു വിളിയാകുമെന്നോര്ക്കുമ്പോള് സത്യത്തില്‍ ആശ്ചര്യപ്പെടുക തന്നെ വേണം.
1986 മുതല്‍ സൊമാലിയ ആഭ്യന്തരപ്രശ്നങ്ങളില്‍പ്പെട്ട് ആടിയുലയുകയാണ്. സൊമാലിയയില്‍ സാമൂഹിക, ഭരണമാറ്റങ്ങളാണ് ഈ ആഭ്യന്തര പ്രശ്നങ്ങളുടെ പ്രധാന കാരണങ്ങളായി കാണുന്നത്. ഇത്തരത്തിലുള്ള ആഭ്യന്തര പ്രശ്നങ്ങളിലെ ഒരു വിഭാഗമാണ് “റിബല്‍ ആര്‍മീസ്”. ആഭ്യന്തരയുദ്ധങ്ങളില്‍ തങ്ങള്‍ക്ക് ആവശ്യമുള്ള സാമ്പത്തികം ലഭ്യമാക്കാന്‍ “ഗള്‍ഫ് ഓഫ് ഏദന്‍” എന്ന പ്രധാന സീ റൂട്ടില്‍ മോഷണങ്ങള്‍ ആരംഭിക്കുകയായിരുന്നു. പിന്നീട് ഇവര്‍ കടലിലൂടെ പോകുന്ന കപ്പലുകളുടെ പേടി സ്വപ്നമായി മാറുകയായിരുന്നു.