‘എലികള്‍’ക്ക് മുന്നില്‍ കീഴടങ്ങില്ലെന്ന് ഗദ്ദാഫി

ട്രിപ്പോളി| WEBDUNIA|
PRO
വിമത സേനയ്ക്ക് മുന്നില്‍ കീഴടങ്ങുകയോ അധികാരം ഒഴിയുകയോ ചെയ്യില്ല എന്ന് ലിബിയന്‍ പ്രസിഡന്റ് മുഅമര്‍ ഗദ്ദാഫി. ഞായറാഴ്ച രാത്രി പുറത്തുവിട്ട ഗദ്ദാഫിയുടെ ഓഡിയോ സന്ദേശത്തിലാണ് കീഴടങ്ങില്ല എന്ന പ്രസ്താവന നടത്തുന്നത്.

തലസ്ഥാനത്ത് കടന്നു കൂടിയ ‘എലികള്‍’ എന്നാണ് വിമതരെ ഗദ്ദാഫി പരിഹസിക്കുന്നത്. താന്‍ തലസ്ഥാന നഗരമായ ട്രിപ്പോളിയില്‍ ഉണ്ട് എന്നും വിമതരെ തുരത്താന്‍ തന്നെ പിന്തുണയ്ക്കുന്നവരോട് അഭ്യര്‍ത്ഥിച്ചു. ഇതിനിടെ, ഗദ്ദാഫിയുടെ മകന്‍ വിമതരുടെ പിടിയിലായതായി റിപ്പോര്‍ട്ടുണ്ട്.

വിമതര്‍ ട്രിപ്പോളിയുടെ ചില ഭാഗങ്ങള്‍ കീഴടക്കി എന്നും ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്‌ലത്തെ അറസ്റ്റു ചെയ്തു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗദ്ദാഫിയുടെ സൈനിക ആസ്ഥാനമായ ബാബ് അല്‍ അസീസിയ പ്രദേശത്തേക്ക് വിമതര്‍ പ്രവേശിച്ചതായും സൂചനയുണ്ട്.

അതേസമയം അധികാരത്തില്‍ തുടാരാനുള്ള ശ്രമം നടത്തുന്ന ഗദ്ദാഫി രക്ഷപെടാനുള്ള സാധ്യത കുറവാണെന്നാണ് വിമതര്‍ കരുതുന്നത്. ഗദ്ദാഫിയെ തടവിലാക്കാനോ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്താനോ ഉള്ള സാധ്യത വര്‍ദ്ധിക്കുകയാണ്.

ഫെബ്രുവരിയിലാണ് ലിബിയന്‍ ഏകാധിപതിക്കെതിരെ ജനങ്ങള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. വിമതര്‍ക്കൊപ്പം അമേരിക്കന്‍ നേതൃത്വത്തിലുള്ള നാറ്റോ സൈന്യവും ശക്തമായി രംഗത്തുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :