കര്‍ണാടക: ഗവര്‍ണറുടെ റിപ്പോര്‍ട്ട് പരിശോധിക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA|
PTI
കര്‍ണാടകയില്‍ രാഷ്ട്രപതിഭരണത്തിനു ശുപാര്‍ശ നല്‍കുന്ന ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജിന്റെ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പരിശോധിക്കുന്നു. 11 വിമത എം‌എല്‍‌എമാരെ അയോഗ്യരാക്കിയ നടപടി സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് സര്‍ക്കാരിന് അയോഗ്യത കല്‍പ്പിക്കാന്‍ ഗവര്‍ണര്‍ ശുപാര്‍ശ നല്‍കിയത്.

എന്നാല്‍, വിമത എം‌എല്‍‌എമാരുടെയെല്ലാം പിന്തുണ ഉറപ്പിച്ച യദ്യൂരപ്പ സര്‍ക്കാര്‍, ഗവര്‍ണര്‍ പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നു എന്ന പരാതി വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്. ഗവര്‍ണര്‍ കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും താല്‍‌പര്യം സംരക്ഷിക്കുകയാണെന്നാണ് യദ്യൂരപ്പ കുറ്റപ്പെടുത്തുന്നത്.

ഗവര്‍ണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും നിയമസഭ മരവിപ്പിക്കുന്നതിനെ കുറിച്ചും ഉള്ള അഭിപ്രായം തയ്യാറാക്കുന്ന ആഭ്യന്തരമന്ത്രാലയം അത് കാബിനറ്റിന് സമര്‍പ്പിക്കും. കര്‍ണാടക പ്രശ്നത്തില്‍ തീരുമാനമെടുക്കുന്നതിന് കാബിനറ്റ് ഉടന്‍ യോഗം ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗവര്‍ണറുടെ നടപടിക്കെതിരെ യദ്യൂരപ്പ ചൊവ്വാഴ്ച പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിനെയും രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെയും സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :